ആനന്ദ്: ഇന്ത്യയുടെ ധവളവിപ്ലവത്തിന്റെ പിതാവായ ഡോ വര്‍ഗീസ് കുര്യനെക്കുറിച്ച് ഗുജറാത്തിലെ ബിജെപി നേതാവ് നടത്തിയ പരാമര്‍ശത്തിനെതിരെ കുര്യന്റെ മകള്‍ രംഗത്ത്. ക്രിസ്ത്യാനിയായാണ് പിറന്നതെങ്കിലും തന്റെ പിതാവ് നിരീശ്വരവാദിയായിരുന്നെന്ന് മകള്‍ നിര്‍മല കുര്യന് പറഞ്ഞു. ഗുജറാത്തിലെ കര്‍ഷകരും കാലിവളര്‍ത്തുകാരും കഷ്ടപ്പെട്ടുണ്ടാക്കിയ പണം വര്‍ഗീസ് കുര്യന് തെക്കന്‍ ഗുജറാത്തില്‍ മതപരിവര്‍ത്തനം നടത്താന്‍ സംഭാവന നല്‍കിയെന്ന ദിലീപ് സന്ഗാനിയുടെ പരാമര്‍ശത്തിനെതിരെയായിരുന്നു നിര്‍മല കുര്യന്റെ പ്രതികരണം.
ഇത്തരം പ്രസ്താവനകളെ നാം തള്ളിക്കളയണം. ഇന്ത്യയുടെ ധവളവിപ്ളവത്തിന് നാന്ദികുറിച്ച് വര്‍ഗീസ് കുര്യന് ഉയര്‍ത്തിക്കൊണ്ടുവന്ന സ്ഥാപനങ്ങളും അതിനായി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളും എന്തൊക്കെയെന്ന് പരിശോധിച്ചുനോക്കൂ. അദ്ദേഹം ഒരു ദൈവവിശ്വാസിയായിരുന്നില്ല. ക്രിസ്തുമതത്തില്‍ വിശ്വസിച്ചിരുന്നുമില്ല. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. അമ്മയുടെ സംസ്കാരവും അങ്ങനെയായിരുന്നു- ആനന്ദില്‍ ദേശീയ ക്ഷീരദിനത്തിന്റെ ഭാഗമായുള്ള കുര്യന് അനുസ്മരണയോഗത്തില്‍ പങ്കെടുക്കാനെത്തിയ നിര്‍മല കുര്യന് മാധ്യമങ്ങളോട് പറഞ്ഞു.
ഡോ വര്‍ഗീസ് കുര്യന് ഏതെങ്കിലും മതത്തില്‍ വിശ്വാസമുണ്ടെങ്കില്‍ അത് കര്‍ഷക മതം ആയിരുന്നുവെന്ന് അമൂലിനെ നിയന്ത്രിക്കുന്ന ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന് മാനേജിങ് ഡയറക്ടര്‍ ഡോ ആര് എസ് സോന്ധിയും അഭിപ്രായപ്പെട്ടു. മൃതദേഹം സംസ്കരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെന്ന് മകള്‍ പറഞ്ഞു. അമൂലിന്റെ സ്ഥാപകരിലൊരാളായ ത്രിഭുവന്‍ ദാസിനെ സംസ്കരിച്ച സ്ഥലത്തുതന്നെയാണ് കുര്യന്റെയും അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്. കുര്യന്റെ ഭാര്യ മരിച്ചപ്പോള്‍ മുംബൈയില്‍ സംസ്കരിക്കുകയായിരുന്നു. ഇതൊന്നും ക്രൈസ്തവരീതി പ്രകാരമായിരുന്നില്ലെന്നും സോന്ധി ഓര്‍മിപ്പിച്ചു.
Discussion about this post