ന്യൂഡല്‍ഹി: ലോകരാജ്യങ്ങളൊക്കെ ഇപ്പോള്‍ കൊവിഡ് 19 വൈറസിന്റെ ഭീതിയിലാണ്. ഇറ്റലിയില്‍ മാത്രം നാലായിരത്തിലധികം ആളുകളാണ് വൈറസ് ബാധ മൂലം മരിച്ചത്. അതേസമയം വൈറസ് വ്യാപനത്തിന്റെ അടുത്ത കേന്ദ്രം ഇന്ത്യ ആയിരിക്കാന്‍ സാധ്യത ഉണ്ടെന്ന് പ്രശസ്ത എപ്പിഡമിയോളജിസ്റ്റും സാമ്പത്തിക വിദഗ്ധനുമായ രമണന് ലക്ഷ്മിനാരായണന്. ദി വയറിനു വേണ്ടി നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തെ അറുപത് ശതമാനം ആളുകള്‍ക്കും വൈറസ് ബാധയുണ്ടായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്ക തങ്ങളുടെ 20 മുതല്‍ 60 ശതമാനം വരെ ജനങ്ങളെ വൈറസ് ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. ആ സ്ഥിതിക്ക് ഇന്ത്യയില്‍ കാര്യങ്ങള്‍ വളരെ മോശമായിരിക്കും. ഇന്ത്യയിലെ 70-80 കോടി ജനങ്ങള്‍ക്ക് വൈറസ് ബാധയുണ്ടായേക്കുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ആശ്വാസകരമായ കാര്യം എന്താണെന്നാല്‍ ബഹുഭൂരിപക്ഷത്തിനും ചെറിയരീതിയില്‍ മാത്രമായിരിക്കും വൈറസ് ബാധയുടെ പ്രത്യാഘാതം ഉണ്ടാവുക എന്നതാണ്. രാജ്യത്ത് വളരെ ചെറിയ ശതമാനം ആളുകള്‍ മാത്രമേ ഗുരതര രോഗത്തിന് അടിമപ്പെടുകയുള്ളൂ. അതുകൊണ്ട് തന്നെ വളരെ ചെറിയ ശതമാനം മാത്രമേ മരണനിരക്കും ഉണ്ടാവുകയുള്ളൂ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇന്ത്യ ഇപ്പോഴും സ്റ്റേജ് -2ല്‍ ആണെന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ നിലപാടിനെയും അദ്ദേഹം തള്ളിക്കളഞ്ഞു. മറ്റു രാജ്യങ്ങളുടെ അനുഭവത്തിന്റെയും ഗവേഷകരുടെ വിലയിരുത്തലിന്റെയും വെളിച്ചത്തില്‍ ഇന്ത്യ രണ്ടോ മൂന്ന് ആഴ്ചകള്‍ക്കു മുമ്പ് തന്നെ സ്റ്റേജ്-3ല്‍ പ്രവേശിച്ചതായി കരുതാമെന്നാണ് രമണന് ലക്ഷ്മിനാരായണന് പറയുന്നത്. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റു സ്ഥാപനങ്ങളും പൂട്ടുന്നത് അടക്കമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലയ്ക്ക് ഇതിനെക്കുറിച്ച് അധികൃതര്‍ക്ക് നേരത്തേ വ്യക്തമായ ധാരണയുണ്ടെന്നു കരുതുന്നതായും അദ്ദേഹം പറഞ്ഞു.
വൈറസ് ബാധിതരുടെ എണ്ണം രാജ്യത്ത് വര്‍ധിച്ച നിലയ്ക്ക് രോഗപരിശോധനയ്ക്കുള്ള സൗകര്യം വര്‍ധിപ്പിക്കുകയാണ് ഇന്ത്യ അടിയന്തിരമായി ചെയ്യേണ്ടതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. പ്രതിദിനം പതിനായിരം സാമ്പികളുകള്‍ പരിശോധിക്കാനുള്ള സൗകര്യം രാജ്യത്ത് ഒരുക്കണം. എന്നാല്‍ ഇതുവരെ രാജ്യത്ത് പരിശോധിച്ച ആകെ സാമ്പിളുകള്‍ 11,500 മാത്രമാണ്. രാജ്യത്തിന്റെ ഉയര്‍ന്ന ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍ ഇത് വളരെ കുറഞ്ഞ നിരക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനൊക്കെ പുറമെ രാജ്യത്ത് കൂടുതല്‍ തീവ്രപരിചരണ വിഭാഗം, മരുന്നുകള്‍ എന്നിവ അടിയന്തിരമായി ഒരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post