ന്യൂഡല്‍ഹി: കേരളത്തിലെ ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസയച്ചു. തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ക്കും എന്‍എസ്എസ്, എസ്എന്‍ഡിപി, കെപിഎംഎസ് എന്നീ സംഘടനകള്‍ക്കുമാണ് കോടതി നോട്ടീസ് അയച്ചത്.
ബിജെപി എംപി സുബ്രഹ്മണ്യന് സ്വാമി, ടിജി മോഹന്‍ദാസ് എന്നിവരുടെ ഹര്‍ജികളിലാണ് സുപ്രീംകോടതി നടപടി സ്വീകരിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ യുയു ലളിത്, കെഎംജോസഫ് എന്നിവര്‍ അംഗങ്ങള്‍ ആയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ആറ് ആഴ്ചയ്ക്ക് ശേഷം കോടതി ഹര്‍ജിയില്‍ വാദം കേള്‍ക്കും.
ഈ വിഷയവുമായി ബന്ധപ്പെട്ട് നേരത്തേ സുബ്രഹ്മണ്യന് സ്വാമി കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശങ്ങള്‍ നല്കാന് തയ്യാറാണെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്.
ഹര്‍ജിക്കാര്‍ ആരോപിച്ചിരിക്കുന്നത് ബോര്‍ഡ് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന രീതിയും ബോര്‍ഡിന്റെ പ്രവര്‍ത്തന രീതിയും ശരിയായ രീതിയിലല്ലെന്നാണ്. സര്‍ക്കാര്‍ ഹിന്ദു എംഎല്‍എമാരില്‍നിന്നും ബോര്‍ഡ് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന രീതിയുണ്ടെന്നും എന്നാല്‍ തിരഞ്ഞെടുക്കപ്പെടുന്നവരുടെ നിലപാടുകള്‍ പലപ്പോഴും ഹിന്ദു ആചാരങ്ങള്‍ക്ക് അനുകൂലമാവാറില്ലെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.
Discussion about this post