ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സെന്‍സസ് – എന്‍പിആര്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചനയില്‍. ആരോഗ്യ വകുപ്പിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് സെന്‍സസ് നടപടികള്‍ നിര്‍ത്തിവെക്കാന്‍ ആലോചിക്കുന്നത്.
രാജ്യത്ത് ഏപ്രില്‍ ഒന്നിനായിരുന്നു സെന്‍സസ് നടപടികള്‍ തുടങ്ങേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് 19 ഭീതി നിലനില്‍ക്കുന്നതിനാല്‍ നടപടികള്‍ മാറ്റുമെന്ന സൂചനകളാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉടനുണ്ടാകും.വൈറസ് പടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ജനങ്ങളുമായി സമ്പര്‍ക്കം ഉണ്ടാകുന്ന പരിപാടികള്‍ നിര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.
ഇതുസംബന്ധിച്ച് സെന്‍സെസ് നടപടികള്‍ നീട്ടിവെയ്ക്കാന്‍ ഡല്‍ഹി, ഒഡീഷ സര്‍ക്കാരുകള്‍ കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയിരുന്നു. ഒരു മാസമെങ്കിലും സെന്‍സസ് നടപടികള്‍ നീട്ടി വെക്കണമെന്നായിരുന്നു അഭ്യര്‍ഥന. കൂടാതെ സെന്‍സസിന്റെ ഭാഗമായി എന്യുമറേറ്റര്‍മാര്‍ വീടുകള്‍ തോറും സന്ദര്‍ശിച്ച് വിവരശേഖരണം നടത്തുന്നത് വലിയ അപകട സാധ്യതയുണ്ടാക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
രാഷ്ട്രപതി രാം നാഥ് കോവിന്ദായിരുന്നു എന്‍പിആര്‍ – സെന്‍സസില്‍ ആദ്യമായി വിവരശേഖരണം നടത്തേണ്ടിയിരുന്നത്. എന്നാല്‍ അദ്ദേഹം പൊതുജനങ്ങളുമായുള്ള കൂടിക്കാഴ്ച നിര്‍ത്തി വച്ചിരിക്കുകയാണ്. കഴിഞ്ഞ ഡിസമ്പറിലാണ് ഏപ്രില്‍ മുതല്‍ സെപ്തംബര്‍
വരെ എന്‍.പി.ആര്‍ – സെന്‍സസ് വിവരശേഖരണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിനെതിരെ ഇപ്പോഴും രാജ്യമെങ്ങും പ്രതിഷേധം തുടരുകയാണ്.
Discussion about this post