രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 271 ആയി; ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത് 22 സംസ്ഥാനങ്ങളില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 271 ആയി. ഇതില്‍ 39 പേര്‍ വിദേശികളാണ്. രാജ്യത്തെ 22 സംസ്ഥാനങ്ങളിലാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഇവിടെ 63 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തില്‍ 40 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ 26 പേര്‍ക്കും യുപിയില്‍ 24 പേര്‍ക്കും ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

അതേസമയം രാജ്യത്ത് ചികിത്സയില്‍ ഉണ്ടായിരുന്ന 23 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടത് നേരിയ ആശ്വാസം നല്‍കുന്നുണ്ട്. ഇതുവരെ രാജ്യത്ത് വൈറസ് ബാധമൂലം നാല് പേരാണ് മരിച്ചത്. കര്‍ണാടക, ഡല്‍ഹി, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ വീതമാണ് വൈറസ് ബാധമൂലം മരിച്ചത്.

അതേസമയം വൈറസ് ബാധമൂലം ലോകത്താകമാനമായി ഇതുവരെ 11,417 പേരാണ് മരിച്ചത്. 276,462 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ മരണസംഖ്യ നാലായിരം കവിഞ്ഞു. ഇറ്റലിയില്‍ ഇന്നലെ മാത്രം 627 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്.

Exit mobile version