കൊറോണ വൈറസ് പ്രതിസന്ധി; ദിവസ വേതന തൊഴിലാളികള്‍ക്ക് 1000 രൂപ വീതം നല്‍കും, ഉറപ്പ് നല്‍കി യോഗി സര്‍ക്കാര്‍

ലഖ്നൗ: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ ദിവസ വേതന തൊഴിലാളികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദിവസ വേതന തൊഴിലാളികള്‍ക്കും നിര്‍മാണ തൊഴിലാളികള്‍ക്കും 1000 രൂപ വീതം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് വ്യാപക അടച്ചുപൂട്ടലുകള്‍ നടത്തി വരുന്നതിനിടെയാണ് സര്‍ക്കാര്‍ പുതിയ പ്രഖ്യാപനവുമായി രംഗത്തെത്തിയത്. ധനസഹായം സംസ്ഥാനത്തെ 15 ലക്ഷം ദിവസ വേതന തൊഴിലാളികള്‍ക്കും 20.37 ലക്ഷം നിര്‍മ്മാണ തൊഴിലാളികള്‍ക്കും അവരുടെ ദൈനംദിന കാര്യങ്ങള്‍ക്ക് സഹയകരമാകുമെന്ന് യോഗി പറയുന്നു.

ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് തൊഴിലാളികള്‍ക്ക് പണം കൈമാറുക. ഉത്തര്‍പ്രദേശില്‍ ഇതുവരെ 23 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും യോഗി ആദിത്യനാഥ് അറിയിച്ചു. ഇതില്‍ ഒമ്പത് പേര്‍ രോഗ മുക്തി നേടിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

Exit mobile version