അടുത്ത നാലാഴ്ച രാജ്യത്തിന് നിർണായകം; സാമൂഹിക അകലം നിർബന്ധം; ജനങ്ങളെ ബോധവത്കരിക്കണമെന്ന് മുഖ്യമന്ത്രിമാരോട് വീഡിയോ കോൺഫറൻസിൽ പ്രധാനമന്ത്രി മോഡി

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് 19 അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തിൽ അടുത്ത നാലാഴ്ച നിർണായകമാണെന്ന് രാജ്യത്തെ മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സാമൂഹിക അകലം പാലിക്കുക നിർബന്ധമാണെന്നും ജനങ്ങളെ ഇക്കാര്യങ്ങൾ അറിയിക്കാൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് വഴി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മോഡി ഇക്കാര്യം പങ്കുവച്ചത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ ആദ്യമായാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തുന്നത്. എല്ലാ മുഖ്യമന്ത്രിമാരും കാര്യക്ഷമമായി കാര്യങ്ങൾ നടപ്പിലാക്കാൻ വേണ്ട നടപടികളെടുക്കണമെന്നും കേന്ദ്രം പുറപ്പെടുവിച്ച മാർഗ്ഗ നിർദേശങ്ങൾ പാലിക്കണമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു.

സർക്കാരിന്റെ ആരോഗ്യ സംവിധാനങ്ങളുടെ മേൽ സമ്മർദ്ദം അമിതമായതിനാൽ സ്വകാര്യ ആശുപത്രികൾക്ക് കൊവിഡ് ടെസ്റ്റ് നടത്താനും ശുശൂശ്ര നൽകാനുമുള്ള അനുമതി നൽകണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വീഡിയോ കോൺഫറൻസിൽ ആവശ്യപ്പെട്ടു.

51 സ്വകാര്യ ലാബോറട്ടറികൾക്ക് കൊറോണ ടെസ്റ്റ് നടത്താനുള്ള അനുമതി നൽകാന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നുമുണ്ട്. സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും സ്വയം സമ്പർക്ക വിലക്കേർപ്പെടുത്തേണ്ടതിന്റെയും പ്രധാന്യത്തെ കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ചു ചേർന്ന് പ്രവർത്തിക്കേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

Exit mobile version