ലഖ്നൗ: ബോളിവുഡ് ഗായിക കനിക കപൂർ കൊവിഡ് 19 ബാധിതയാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്തെ 96 എംപിമാരും കൊവിഡ് ഭീതിയിൽ. ലണ്ടനിലെ സംഗീത നിശ കഴിഞ്ഞ് തിരിച്ചെത്തിയ കനിക ലഖ്നൗവിൽ സംഘടിപ്പിച്ച ഒരു പാർട്ടിയിൽ ദുഷ്യന്ത് സിങ് എംപിയും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ രാഷ്ട്രപതി ഭവനിൽ എംപിമാർ പങ്കെടുത്ത പരിപാടിയിലും ദുഷ്യന്ത് സിങ് പങ്കെടുത്തിരുന്നു. ഇതോടെയാണ് ചടങ്ങിൽ പങ്കെടുത്ത 96 എംപിമാരും കൊറോണ ഭീതിലായത്.
മുൻ കേന്ദ്രമന്ത്രി രാജ്യവർധൻ സിങ് റാത്തോഡ്, കേന്ദ്രമന്ത്രി അർജുന് റാം മോഘവാൾ, ഹേമമാലിനി, കോൺഗ്രസ് എംപി കുമാരി സെൽജ, ബോക്സറും രാജ്യസഭാ എംപിയുമായ മേരി കോം തുടങ്ങിയവരെല്ലാം ദുഷ്യന്ത് സിങിനൊപ്പം രാഷ്ട്രപതി ഭവനിലെ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇവരെല്ലാം നിരീക്ഷണത്തിൽ കഴിയാനുള്ള തീരുമാനത്തിലാണ്. അതേസമയം രാഷ്ട്രപതി രാംനാഥ് കോവിന്ദ് എല്ലാ പരിപാടികളും റദ്ദാക്കി.
കനിക കപൂറിന് രോഗം സ്ഥിരീകരിച്ചതോടെ ഇവരുമായി ഇടപഴകിയ ദുഷ്യന്ത് സിങും ബിജെപി നേതാവ് വസുന്ധര രാജെയും വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ്. മുൻകരുതലെന്ന നിലയ്ക്ക് താനും മകനും സ്വയം സമ്പർക്ക വിലക്കിൽ തുടരുന്നതെന്ന് വസുന്ധര രാജെ ട്വീറ്റ് ചെയ്തിരുന്നു.
അതേസമയം, നിർദേശങ്ങൾ ലംഘിച്ച് രോഗവിവരം മറച്ചുവെച്ച് രോഗവ്യാപനത്തിന് ഇടയാക്കിയതിന് കനികയ്ക്കെതിരേ യുപി പോലീസ് കേസെടുത്തു.
Discussion about this post