തിരുവനന്തപുരം: ഞായറാഴ്ചത്തെ ആയിരക്കണക്കിന് ട്രെയിന്‍ സര്‍വ്വീസുകള്‍ റെയില്‍വേ റദ്ദാക്കി. രാജ്യം കൊറോണ ഭീതിയിലായിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനത കര്‍ഫ്യൂവിനോട് അനുബന്ധിച്ചാണ് ട്രെയിനുകള്‍ റദ്ദാക്കിയത്.
ഞായറാഴ്ച സര്‍വ്വീസ് നടത്താനിരുന്ന 3700 ട്രെയിനുകളാണ് റദ്ദാക്കിയത്. 2400 പാസഞ്ചര്‍ ട്രെയിനുകളും 1300 എക്സ്പ്രസ് ട്രെയിനുകളും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ഞായറാഴ്ച രാത്രി 10 വരെ പുറപ്പെടേണ്ട പാസഞ്ചര്‍-എക്സ്പ്രസ് ട്രെയിനുകളൊന്നും സര്‍വ്വീസ് നടത്തില്ല.
അതേസമയം, നേരത്തേ യാത്രയാരംഭിച്ച ദീര്‍ഘദൂര വണ്ടികളുടെ സര്‍വ്വീസ് തടസപ്പെടില്ലെന്നും റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്. കൊറോണ വ്യാപനം തടയാന്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി രാജ്യത്ത് പ്രതിരോധ നടപടികളെല്ലാം ഊര്‍ജിതമാക്കിയിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ഞായറാഴ്ച ജനത കര്‍ഫ്യൂ പ്രഖ്യാപിച്ചത്.
ഞായറാഴ്ച സര്‍വ്വീസ് നടത്തില്ലെന്ന് കൊച്ചി മെട്രോയും അറിയിച്ചു. സംസ്ഥാനത്തെ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയും ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ബേക്കറികള്‍ എന്നിവ അടച്ചിടുമെന്ന് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷനും അറിയിച്ചു. പെട്രോള്‍ പമ്പുകളും പ്രവര്‍ത്തിക്കില്ല.
Discussion about this post