മുംബൈ: കൊറോണ വൈറസ് ബാധ സംശയത്തെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ഡോക്ടര്‍ക്ക് പ്രവേശനം നിഷേധിച്ചതായി പരാതി. മുംബൈയിലാണ് സംഭവം. ജല്‍ഗാവ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ഇപ്പോള്‍ വെന്റിലേറ്ററിലാണ്.
കോലാപുരില്‍ നിന്ന് കഴിഞ്ഞയാഴ്ച മടങ്ങിയെത്തിയ ഡോക്ടര്‍ക്ക് കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തേടി സ്വകാര്യ ആശുപത്രിയിലെത്തിയത്. എന്നാല്‍ നാലോളം ആശുപത്രികളില്‍ പ്രവേശനം നിഷേധിച്ചതായി ബന്ധുക്കള്‍ പറയുന്നു.
ഇദ്ദേഹം വിദേശയാത്ര നടത്തുകയോ കൊറോണബാധിതരുമായോ രോഗബാധ സംശയിച്ചവരുമായോ അടുത്തിടപഴകിയിട്ടില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. എന്നിട്ടും ഡോക്ടര്‍ക്ക് ചികിത്സ നിഷേധിക്കുകയായിരുന്നു. ഡോക്ടറുടെ രോഗലക്ഷണങ്ങള്‍ കൊറോണയോട് സാമ്യതയുള്ളതിനാലാണ് സ്വകാര്യ ആശുപത്രികള്‍ പ്രവേശനം നല്കാതിരുന്നത്.
ചികിത്സ തേടി രാത്രി മുഴുവന്‍ അലയേണ്ടി വന്നതെന്ന് ഡോക്ടറുടെ അമ്മാവന്‍ പറഞ്ഞു. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയാണ് മെഡിക്കല്‍ കോളേജിലെത്തിച്ചതെന്നും ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗിയുടെ ആരോഗ്യനില മോശമായിട്ടുണ്ടെന്ന് മെഡിക്കല്‍ കോളേജ് മേധാവി ഡോ. ഭാസ്‌കര്‍ ഖെയ്രെ അറിയിച്ചു. രോഗിയുടെ രക്തം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.