അന്ന് ക്രൂരത; ഇന്ന് അവസാന നിമിഷം വരെ ജീവനു വേണ്ടി കേണു; ഒടുവിൽ ഭക്ഷണം പോലും കഴിക്കാതെ, ഉറങ്ങാതെ, അവസാന ആഗ്രഹം പറയാതെ തൂക്കു കയറിലേക്ക് നടന്നു കയറി നിർഭയ കേസിലെ പ്രതികൾ

ന്യൂഡൽഹി: രാജ്യത്തിന്റെ ഹൃദയത്തിലെ നോവായി മാറിയ നിർഭയ കേസിൽ ഏഴുവർഷത്തെ നീണ്ട നിയമ പോരാട്ടത്തിന് ഒടുവിൽ നീതി നടപ്പായിരിക്കുകയാണ്. അവസാന നിമിഷവും കോടതിയിൽ വധശിക്ഷ മാറ്റി വെയ്ക്കാനായുള്ള ശ്രമങ്ങൾ നടത്തിയിട്ടും പരാജയപ്പെട്ട് നിരാശരായാണ് പ്രതികൾ കഴുമരത്തിലേറിയത്. നാലു പ്രതികളെ തിഹാർ ജയിലിൽ ഇന്നു പുലർച്ചെ 5.30നാണ് ഒരുമിച്ചു തൂക്കിലേറ്റിയത്.

തൂക്കിലേറ്റുന്നതിനു മുമ്പ് പ്രത്യേകം സെല്ലുകളിലായിരുന്നു നാലു കുറ്റവാളികളെയും പാർപ്പിച്ചിരുന്നത്. നാലുപേരും ഭക്ഷണം കഴിക്കാൻ പോലും താത്പര്യം കാണിച്ചില്ല എന്നാണ് ജയിലിനുള്ളിൽ നിന്നുള്ള റിപ്പോർട്ടുകൾ. നാലുപേരും രാത്രി മുഴുവൻ സമയവും ഉറങ്ങിയില്ല. അവസാന ആഗ്രഹം പോലും നാലുപേരും അറിയിച്ചില്ലെന്നും തീഹാർ ജയിൽ ഡയറക്ടർ ജനറൽ പറഞ്ഞു.

3.30നാണ് നാല് പേരെയും എഴുന്നേൽപ്പിച്ചത്. തുടർന്ന് തൂക്കുകയറിലേക്ക് പോകുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. കനത്ത സുരക്ഷാ വലയത്തിലായിരുന്നു ഈ സമയമത്രയും തീഹാർ ജയിലും പരിസരവും. ജയിലിനുള്ളിലെ തടവുകാരെ എല്ലാവരെയും സെല്ലിനുള്ളിൽ പൂട്ടിയിട്ടു. കൃത്യം 5.30നാണ് നാലുപേരെയും തൂക്കിലേറ്റിയത്. തീഹാർ ജയിലിനുള്ളില് വെച്ച് തന്നെ ഡോക്ടർ നാലുപേരുടെയും മരണം സ്ഥിരീകരിച്ചു. ഡിഡിയു ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം നടക്കുക. പോസ്റ്റ്‌മോർട്ടം നടപടികളുടെ മുഴുവൻ വീഡിയോയും ചിത്രീകരിക്കും.

അവസാനശ്രമമെന്ന നിലയ്ക്ക് പവൻ ഗുപ്ത നൽകിയ രണ്ടാം ദയാഹർജി തള്ളിയതിനെതിരെ പുലർച്ചെ 2.50നാണ് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ആർ ഭാനുമതി, അശോക് ഭൂഷൻ, എഎസ് ബൊപ്പണ്ണ എന്നിവരാണ് കേസ് പരിഗണിച്ചത്. ദയാഹർജി തള്ളിയതിൽ ജുഡീഷ്യൽ പരിശോധന പരിമിതമാണ് എന്ന് കോടതി നിരീക്ഷിച്ചു. ശിക്ഷ ഒഴിവാക്കാൻ കോടതികൾക്ക് മുന്നിൽ ഒട്ടേറെ തന്ത്രങ്ങൾ പയറ്റിയ പ്രതികൾ ഒടുവില് ശിക്ഷ രണ്ടുദിവസം മാറ്റിവയ്ക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടെങ്കിലും കോടതി വഴങ്ങിയില്ല.

കുറ്റകൃത്യം നടക്കുമ്പോൾ പവൻ ഗുപ്തയ്ക്ക് പ്രായപൂർത്തി ആയില്ലെന്ന വാദവും കോടതി തള്ളി. ഒടുവിൽ ശിക്ഷ നടപ്പാക്കുമെന്ന ഘട്ടത്തിൽ പ്രതിക്ക് അവസാനമായി ബന്ധുക്കളെ കാണാൻ ഒരുവട്ടം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ജയിൽച്ചട്ടം അത് അനുവദിക്കാത്തതിനാൽ ഈ അപേക്ഷയും തള്ളി.

നിർഭയയുടെ മാതാപിതാക്കളും കോടതിയിലെത്തിയിരുന്നു. വിധിയിൽ സന്തോഷമുണ്ടെന്ന് അവർ പറഞ്ഞു. രാജ്യാന്തര കോടതിയിലും കുടുംബ കോടതിയിലുമുള്ള കേസുകൾ പ്രസക്തമല്ലെന്നു നിരീക്ഷിച്ച് ഡൽഹി കോടതി ഹർജി തള്ളിയതിനു പിന്നാലെയാണ് പ്രതിഭാഗം പുലർച്ചെ സുപ്രീം കോടതിയെ സമീപിച്ചത്. പ്രതികൾക്കു ദൈവത്തെ കണ്ടുമുട്ടാൻ സമയമായെന്നാണ് ഇതിനോട് ഡൽഹി കോടതി പറഞ്ഞത്. രാജ്യത്തെ വ്യവസ്ഥകളുമായാണ് പ്രതികൾ കളിക്കുന്നത്. ദയാഹർജി സമർപ്പിക്കാൻ രണ്ടര വർഷം വൈകിയതിൽ ഗൂഢാലോചനയുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് സഞ്ജീവ് നരുല എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

Exit mobile version