ന്യൂഡൽഹി: നിർഭയ കേസിൽ ഒടുവിൽ നീതി നടപ്പായി;. നാല് പ്രതികളേയും തീഹാർ ജയിൽ തൂക്കിലേറ്റി. അവസാന മണിക്കൂറുകളിൽ പോലും അരങ്ങേറിയ നാടകീയ നിയമയുദ്ധങ്ങൾക്കൊടുവിലാണ് നിർഭയ കേസ് കുറ്റവാളികളെ തൂക്കിലേറ്റിയത്. മുകേഷ് കുമാർ സിങ് (32), അക്ഷയ് താക്കൂർ (31), വിനയ് ശർമ (26), പവൻ ഗുപ്ത (25) എന്നീ പ്രതികളുടെ വധശിക്ഷയാണ് ഇന്ന് പുലർച്ചെ കൃത്യം അഞ്ചരയ്ക്ക് നടപ്പാക്കിയത്. സുപ്രീംകോടതിയിൽ കുറ്റവാളികൾക്കായി സമർപ്പിക്കപ്പെട്ട അവസാന ഹർജിയും തള്ളിയതോടെ പുലർച്ചെ നാലേമുക്കാലോടെ വധശിക്ഷയ്ക്ക് മുന്നോടിയായി തിഹാർ ജയിലിൽ ഉദ്യോഗസ്ഥരുടെ യോഗം ചേരുകയും ആരാച്ചാർ പവൻ കുമാർ ജല്ലാദ് ഉൾപ്പടെയുള്ളവർ പങ്കെടുക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് എഴ് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കേസിലെ നീതി നടപ്പാകുന്നത്. തൂക്കിലേറ്റുന്നതിനു മുമ്പുള്ള സമയങ്ങളില് പ്രത്യേകം സെല്ലുകളിലായിരുന്നു നാലു കുറ്റവാളികളെയും പാർപിച്ചിരുന്നത്. നാലുപേരും ഭക്ഷണം കഴിക്കാന് പോലും താതപര്യം കാണിച്ചില്ല എന്നാണ് ജയിലിനുള്ളിൽ നിന്നുള്ള റിപ്പോർട്ടുകൾ. നാലുപേരും രാത്രി മുഴുവൻ സമയവും ഉറങ്ങിയില്ല. അവസാന ആഗ്രഹം പോലും നാലുപേരും അറിയിച്ചില്ലെന്നും തീഹാർ ജയിൽ ഡയറക്ടർ ജനറൽ പറഞ്ഞു.
3.30നാണ് നാല് പേരെയും എഴുന്നേൽപ്പിച്ചത്. തുടർന്ന് തൂക്കുകയറിലേക്ക് പോകുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. കനത്ത സുരക്ഷാ വലയത്തിലായിരുന്നു ഈ സമയമത്രയും തീഹാർ ജയിലും പരിസരവും. ജയിലിനുള്ളിലെ തടവുകാരെ എല്ലാവരെയും സെല്ലിനുള്ളിൽ പൂട്ടിയിട്ടു.
കൃത്യം 5.30നാണ് നാലുപേരെയും തൂക്കിലേറ്റിയത്. തീഹാർ ജയിലിനുള്ളിൽ വെച്ച് തന്നെ ഡോക്ടര് നാലുപേരുടെയും മരണം സ്ഥിരീകരിച്ചു. ഡിഡിയു ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം നടക്കുക. പോസ്റ്റ്‌മോർട്ടം നടപടികളുടെ മുഴുവൻ വീഡിയോയും ചിത്രീകരിക്കും.
അതേസമയം, ജയിലിന് പുറത്ത് ജനങ്ങൾ ആഹ്ലാദപ്രകടനം നടത്തി. മകളുടെ ചിത്രം ചേർത്തുപിടിച്ച് പൊട്ടിക്കരഞ്ഞാണ് നിർഭയയുടെ അമ്മ ആശാദേവി ഇതിനോട് പ്രതികരിച്ചത്.