ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് 19 രോഗം സമൂഹ വ്യാപന ഘട്ടത്തിലെന്ന് സംശയം. ചെന്നൈയിൽ കൊവിഡ് സ്ഥിരീകരിച്ച യുപി സ്വദേശി വിദേശയാത്ര നടത്തുകയോ വിദേശികളുമായി ബന്ധം പുലർത്തുകയോ ചെയ്തിട്ടില്ല. എന്നിട്ടും രോഗം പകർന്നത് എങ്ങനെയാണെന്നാണ് ആരോഗ്യവകുപ്പിനെ കുഴക്കുന്നത്. അതേസമയം ഇയാളുടേയത് തതമിഴ്നാട്ടിൽ സ്ഥിരീകരിച്ച രണ്ടാമത്തെ രോഗബാധയാണ്.
ഈ രോഗിയുടെ സമ്പർക്ക പട്ടികയ്ക്കായി ഡൽഹി സർക്കാരിന്റെ സഹായം തേടിയിരിക്കുകയാണ് തമിഴ്നാട് ആരോഗ്യവകുപ്പ്. യുപിയിലും ഡൽഹിയിലും ഇയാള്‍ യാത്ര ചെയ്ത രാജധാനി എക്സ്പ്രസില്‍ സഞ്ചരിച്ച മറ്റ് യാത്രക്കാരെ കണ്ടെത്തുക തുടങ്ങിയ ശ്രമകര നടപടികളിലേക്കായിരിക്കും സർക്കാര്‍ കടക്കുന്നത്. രാജധാനി എക്സ്പ്രസിലെ പട്ടിക തയ്യാറാക്കും. തമിഴ്നാട് ആരോഗ്യ സെക്രട്ടറി ബീല രാജേഷിന്റെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്.
അതേസമയം കേരളം ഉൾപ്പടെ കോവിഡ് ബാധിത സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്ക് തമിഴ്നാട്ടിൽ നിരീക്ഷണം കർശന മാക്കിയിരിക്കുകയാണ്. പ്രത്യേക പരിശോധനയ്ക്കായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ദൗത്യസംഘത്തെ നിയമിച്ചതായി തമിഴ്നാട് ആരോഗ്യമന്ത്രി അറിയിച്ചു. ട്രെയിനുകളിലും ബസുകളിലുമായി എത്തുന്ന സംസ്ഥാനാന്തര യാത്രക്കാരെ തെർമ്മൽ ടെസ്റ്റിങ്ങ് നടത്തിയ ശേഷമാണ് കടത്തിവിടുന്നത്. ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് പോകുന്ന മൂന്ന് ഗെയ്റ്റുകളിലും വൈദ്യസംഘത്തെ നിയോഗിച്ചു.
കേരളം, കർണാടക, മഹാരാഷ്ട്ര ഉൾപ്പടെയുള്ള കൊവിഡ് ബാധിത സംസ്ഥാനങ്ങളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നാണ് തമിഴ്നാട് സർക്കാർ നിർദേശം.
Discussion about this post