ന്യൂഡൽഹി: കോവിഡ് 19നെതിരെ ജാഗ്രത ശക്തമാക്കി കേന്ദ്ര സർക്കാർ. അമ്പതു ശതമാനം കേന്ദ്ര സർക്കാർ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശിച്ചു. ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി ജീവനക്കാരിൽ അമ്പതു ശതമാനം ജീവനക്കാർ മാത്രം ഇനി ഓഫീസുകളിൽ ജോലിക്ക് ഹാജരായാൽ മതി. ബാക്കിയുള്ള അമ്പതു ശതമാനം പേരും നിർബന്ധമായും വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന നിർദേശമാണ് പേഴ്സണൽ മന്ത്രാലയം നൽകിയിരിക്കുന്നത്. ഇതോടെ രാജ്യം നിയന്ത്രണത്തിലേക്ക് കടക്കുന്നതിന്റെ സൂചനയാണ് ഉണ്ടായിരിക്കുന്നത്.
ജോലി സമയത്തിൽ വ്യത്യാസമുണ്ടായിരിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. കൊറോണയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകളിൽ നേരത്തെതന്നെ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
രാജ്യത്ത് 826ഓളം സാമ്പിളുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഐസിഎംആർ ശേഖരിച്ച് പരിശോധിച്ചിരുന്നു. ഇവയെല്ലാം നെഗറ്റീവാണ്. ഈ പശ്ചാത്തലത്തിൽ കൊറോണയുടെ മൂന്നാംഘട്ടമായ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് ഐസിഎംആറിന്റെ വിലയിരുത്തൽ.
Discussion about this post