ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുറയുന്നുണ്ടെങ്കിലും വീണ്ടും എക്‌സൈസ് തീരുവ വർധിപ്പിച്ച് രാജ്യത്തെ ഇന്ധനവില താഴാതെ നോക്കാൻ ശ്രമിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര സർക്കാർ വീണ്ടും എക്‌സൈസ് തീരുവ ഉയർത്തിയേക്കുമെന്ന് റിപ്പോർട്ട്.
അസംസ്‌കൃത എണ്ണവില വീണ്ടും കുറയുമ്പോൾ പെട്രോൾ, ഡീസൽ വില ലിറ്ററിന് 10 മുതൽ 12 രൂപവരെ കുറയാനുള്ള സാധ്യതയുണ്ട്. എന്നാൽ വിലകുറയ്ക്കാതെ തീരുവ ഉയർത്തി നിലവിലെ വില തന്നെ തുടരുന്നതിനുള്ള മാർഗ്ഗമാണ് സർക്കാർ ആലോചിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച പെട്രോളിനും ഡീസലിനും മൂന്നുരൂപ തീരുവ വർധിപ്പിച്ചിരുന്നു. ഇതിലൂടെ 45,000 കോടി രൂപയുടെ അധികവരുമാനമാണ് സർക്കാരിന് ലഭിക്കുക.
വർധിച്ചുവരുന്ന ധനകമ്മി നിയന്ത്രണവിധേയമാക്കുന്നതിനും കൊറോണ മൂലമുള്ള ആധികചെലവിന് പണംകണ്ടെത്തുന്നതിനുമാകും ഇതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടില് പറയുന്നു. നിലവിലെ നികുതി വരുമാന സാധ്യതകൾ അടിസ്ഥാനമാക്കിയാൽ 3.8ശതമാനം ധനക്കമ്മിയിൽ തുടരണമെങ്കിൽ നടപ്പ് സാമ്പത്തിക വർഷത്തിൽ 1.2 ലക്ഷംകോടി രൂപ അധികമായി കണ്ടെത്തേണ്ടിവരും.