ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു.സത്യപ്രതിജ്ഞ ചടങ്ങിനിടെ പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ ഇറങ്ങി പോയി. ഭരണഘടനയുടെ അടിസ്ഥാന ഘടനയ്‌ക്കെതിരായ ഏറ്റവും ഗുരുതരമായതും മാപ്പര്‍ഹിക്കാത്തതുമായ ആക്രമണങ്ങളിലൊന്നാണ് ഇതെന്ന് ഗൊഗോയിയുടെ സ്ഥാനാരോഹണത്തെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചു.
രാജ്യസഭാ എംപിയാകുന്ന ആദ്യ മുന്‍ചീഫ് ജസ്റ്റിസാണു ഗൊഗോയ്. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. ഗൊഗോയിയെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഗൊഗോയിയുടെ സഹപ്രവര്‍ത്തകരായിരുന്ന മുന്‍ ജഡ്ജിമാരടക്കം വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.
ഇതിനിടെ ഗൊഗോയിയെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തതു ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചു. സാമൂഹികപ്രവര്‍ത്തകന്‍ മധുപൂര്‍ണിമ കിഷ് വാറാണ് സുപ്രീംകോടതിയെ സമീപിച്ചത്. ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ക്കുന്നതാണ് ഗൊഗോയിയുടെ രാജ്യസഭ നാമനിര്‍ദേശം എന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. വിരമിച്ചശേഷം ജഡ്ജിമാര്‍ പദവികള്‍ സ്വീകരിക്കുന്നത് രാജ്യത്തെ കോടതികളുടെ സ്വാതന്ത്ര്യത്തിനു കളങ്കമേല്‍പ്പിക്കുമെന്ന് ജസ്റ്റിസ് ഗൊഗോയിതന്നെ മുന്‍പ് പറഞ്ഞിട്ടുണ്ടെന്നും പരാതിയില്‍ പറഞ്ഞു.