ന്യൂഡല്‍ഹി: വധശിക്ഷ നടപ്പാക്കാന്‍ രണ്ട് ദിവസം മാത്രം അവശേഷിക്കെ വീണ്ടും കോടതിയെ സമീപിച്ച് നിര്‍ഭയ ബലാത്സംഗക്കേസിലെ പ്രതികള്‍. മരണ വാറന്റ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതികള്‍ ഡല്‍ഹി കോടതിയെ സമീപിച്ചത്. രണ്ടാമത്തെ ദയാഹര്‍ജിയിലും കോടതിയില്‍ സമര്‍പ്പിച്ച മറ്റ് അപേക്ഷകളിലും തീര്‍പ്പാവുന്നത് വരെ ശിക്ഷ നടപ്പാക്കരുത് എന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.
പ്രതി പവന്‍ ഗുപ്ത സുപ്രീം കോടതിയില്‍ തിരുത്തല്‍ ഹര്‍ജിയും അക്ഷയ് സിങ്ങ് ദയാഹര്‍ജിയുമാണ് സമര്‍പ്പിച്ചിരിക്കുന്നത്. സംഭവം നടക്കുന്ന സമയത്ത് പ്രായപൂര്‍ത്തിയായില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് പവന്‍ ഗുപ്ത തിരുത്തല്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. രണ്ടാമത്തെ ദയാഹര്‍ജിയാണ് അക്ഷയ് സിങ്ങ് രാഷ്ട്രപതി രാം നാഥ് കോവിന്ദിന് സമര്‍പ്പിച്ചത്. ഹര്‍ജി നാളെ പരിഗണിക്കും.
നാലു കുറ്റവാളികളുടെയും വധശിക്ഷ മാര്‍ച്ച് 20ന് നടപ്പാക്കാനുള്ള മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കെയാണ് പ്രതികള്‍ വീണ്ടും ഹര്‍ജിയുമായി കോടതിയെ സമീപിക്കുന്നത്. ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അക്ഷയ് ഠാക്കൂറും പവന്‍ ഗുപ്തയും വിനയ് ശര്‍മ്മയും അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിലെ തീരുമാനം ഇന്നോ നാളയോ ഉണ്ടാകും. അതേസമയം നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനു മുന്നോടിയായുള്ള ഡമ്മി പരീക്ഷണം നടത്തി. ഇന്ന് രാവിലെയായിരുന്നു ഡമ്മി പരീക്ഷണം നടത്തിയത്.