ന്യൂഡല്‍ഹി: ലോകത്താകമാനം കൊറോണ വൈറസ് ഭീതി പടര്‍ത്തുമ്പോള്‍ പുറത്തിറങ്ങാന്‍ ഭയന്ന് ജനങ്ങള്‍. യാത്ര ചെയ്യാന്‍ പോലും ആളുകള്‍ ഇല്ലാതായി. ഇതോടെ ബസുകളിലും ട്രെയിനുകളിലും മറ്റും ആളുകള്‍ കുറവായി. ഈ സാഹചര്യത്തില്‍ റെയില്‍വെ 85 തീവണ്ടികളാണ് റദ്ദാക്കിയത്. യാത്രക്കാര്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് തീരുമാനം.
മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ ഒന്നുവരെയാണ് തീവണ്ടികള്‍ റദ്ദാക്കിയത്. മധ്യ റെയില്‍വെ 23 തീവണ്ടികളും ദക്ഷിണ മധ്യ റെയില്‍വെ 29 തീവണ്ടികളും പടിഞ്ഞാറന്‍ റെയില്‍വെ 10ഉം നോര്‍ത്ത് റെയില്‍വെ അഞ്ചും നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വെ നാലും ഈസ്റ്റ് കോസ്റ്റ് റെയില്‍വെ അഞ്ചും സൗത്ത് ഈസ്റ്റേണ്‍ റെയില്‍വെ ഒമ്പതും തീവണ്ടികളാണ് റദ്ദാക്കിയത്. ഇതിനുപുറമെ രാജ്യമൊട്ടാകെയുള്ള 250 പ്രധാന റെയില്‍വെ സ്റ്റേഷനുകളില്‍ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 10 രൂപയില്‍നിന്ന് 50 രൂപയായി ഉയര്‍ത്തുകയും ചെയ്തു.
പലയിടത്തു നിന്നും പ്രതിഷേധം ഉയര്‍ന്നതോടെ പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് വര്‍ധന താല്‍ക്കാലികമായാണെന്ന് റെയില്‍വെ അറിയിച്ചു. മുംബൈ, വഡോദര, അഹമ്മദാബാദ്, രത്ലം, രാജ്കോട്ട്, ഭൂവനേശ്വര്‍, ന്യൂഡല്‍ഹി തുടങ്ങിയ സ്റ്റേഷനുകളിലാണ് പ്ലാറ്റ് ഫോം ടിക്കറ്റിന് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്.