ന്യൂഡല്‍ഹി: ഇറാനിലുള്ള 254 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ട്. ചില തീര്‍ത്ഥാടകര്‍ക്ക് രോഗബാധയുണ്ടെന്നും എന്നാല്‍ എത്ര പേര്‍ക്ക് രോഗ ബാധയുണ്ടെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. തീര്‍ത്ഥാടകരില്‍ 850 പേരില്‍ ഇരുനൂറോളം പേരെ നേരത്തെ തിരിച്ചെത്തിരുന്നു. ബാക്കിയുള്ളവരില്‍ 254 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉള്ളത്.
അതിനിടെ ഇന്ന് രാജ്യത്ത് എട്ട് കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 137 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലിരുന്നയാള്‍ മരിച്ചു. മുംബയിലെ കസ്തൂര്‍ബാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 64 കാരന് കൂടി മരിച്ചതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3 ആയി ഉയര്‍ന്നു.
മരണ സംഖ്യ ഉയര്‍ന്നതോടെ അതീവ ജാഗ്രതയിലാണ് രാജ്യം. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് ദിവസത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ രംഗം ബാധിച്ചവരുടെ എണ്ണം 40 കടന്നു.
രാജ്യത്ത് ഇപ്പോള്‍ കൊവിഡ് രണ്ടാം ഘട്ടത്തിലാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് പറഞ്ഞു. രണ്ടാംഘട്ടത്തില്‍ നിന്നും മൂന്നാംഘട്ടത്തിലേക്ക് കൊവിഡ് കടന്നാല്‍ നിയന്ത്രിക്കാനാകാത്ത സാഹചര്യമുണ്ടാകും. അതിലേക്ക് എത്താതിരിക്കാന്‍ കൂടുതല്‍ കരുതല്‍ വേണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് നിര്‍ദ്ദേശിച്ചു.
Discussion about this post