ന്യൂഡൽഹി: ഇനി മുതൽ കൊറോണ വൈറസ് പരിശോധനകൾ സ്വകാര്യ ലാബുകൾക്കും നടത്താം. ഇത്തരത്തിൽ പരിശോധനകൾ നടത്താൻ അക്രഡിറ്റേഷൻ ഉള്ള സ്വകാര്യ ലാബുകൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചാണ് നിർദേശത്തിന് അംഗീകാരം നൽകിയത്. ഇതു സംബന്ധിച്ച് കേന്ദ്രസർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ട്.
നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് ഫോർ ലബോറട്ടറീസിൽ അക്രെഡിറ്റ് ചെയ്തിട്ടുള്ള ലാബുകൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. സ്വകാര്യ ലാബുകൾക്കു കൂടി കൊറോണ പരിശോധനയ്ക്കു അനുമതി നൽകിയതോടെ വേഗത്തിൽ പരിശോധനാ ഫലങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. രാജ്യമെങ്ങും 52 സർക്കാർ ലാബുകളിലാണ് ഇപ്പോൾ പരിശോധന നടത്തുന്നത്. ഉയർന്ന നിലവാരവും കാര്യക്ഷമതയുമുള്ള സർക്കാർ ലാബുകൾ 5000 രൂപ ചെലവു വരുന്ന പരിശോധന സൗജന്യമായാണ് ചെയ്യുന്നത്.
എന്നാൽ സ്വകാര്യ ലാബുകൾ പരിശോധനയുടെ മറവിൽ അധിക തുക ഈടാക്കി കൊള്ളലാഭം കൊയ്യാൻ ഈ അവസരം മുതലെടുക്കുമോ എന്ന ആശങ്കയും ജനങ്ങൾക്കുണ്ട്. 2015 ൽ എച്ച്1എൻ1 പടർന്നു പിടിച്ചപ്പോൾ ഡൽഹിയിലെ സ്വകാര്യ ലാബുകൾ സാമ്പിൾ പരിശോധനയ്ക്കു അധികതുക ഈടാക്കിയത് വലിയ വിവാദമായിരുന്നു. പിന്നീട് ഡൽഹി സർക്കാർ ഇടപെട്ടാണ് ഇതു നിയന്ത്രിച്ചത്.
Discussion about this post