ന്യൂഡൽഹി: മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭാ എംപിയായി രാഷ്ട്രപതി നാമനിർദേശം ചെയ്ത സംഭവത്തോട് രൂക്ഷമായി പ്രതികരിച്ച് ജസ്റ്റിസ് മദൻ ബി ലോകൂർ. ഈ കീഴ്‌വഴക്കം, നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യം, നിഷ്പക്ഷത, പരമാധികാരം എന്നിവയെ പുനഃനിർവചിക്കും വിധത്തിലുള്ളതാണെന്ന് അദ്ദേഹം ആശങ്കപ്രകടിപ്പിച്ചു. രാജ്യത്തെ സാധാരണക്കാർക്ക് അവസാനത്തെ അഭയസ്ഥാനവും ഇല്ലാതാവുകയാണോ എന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യൻ എക്‌സ്പ്രസിനോടാണ് ജസ്റ്റിസ് മദന്റെ പ്രതികരണം.
ജസ്റ്റിസ് ഗൊഗോയ്ക്ക് സ്ഥാനമാനങ്ങളെന്തെങ്കിലും ലഭിക്കുമെന്ന് ചില ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട്, ഇപ്പോഴത്തെ നാമനിർദേശം ഒട്ടും അത്ഭുതം ഉണ്ടാക്കുന്നില്ല. എന്നാൽ ഇത്ര പെട്ടെന്നത് സംഭവിച്ചതാണ് അതിശയകരം. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയെയും പരമാധികാരത്തെയും ഇത് പുനഃനിർവചിക്കും. അവസാന അഭയവും ഇല്ലാതെയായോ?, അദ്ദേഹം ചോദിച്ചു.
2018ല് ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്രയുടെ നടപടികളിൽ പ്രതിഷേധിച്ച് അന്നത്തെ മുതിർന്ന ജസ്റ്റിസുമാരായ രഞ്ജന് ഗോഗോയിയും മദന് ബി ലോകൂർ, ജെ ചലമേശ്വർ, കുര്യന് ജോസഫ് എന്നിവരും പരസ്യമായി പത്രസമ്മേളനം വിളിച്ചത് ഏറെ വിവാദമായിരുന്നു. സുപ്രീം കോടതിയുടെ പരമാധികാരത്തെയും നിഷ്പക്ഷതയെയും ബാധിക്കുന്ന നടപടികളാണ് ദീപക് മിശ്രയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നായിരുന്നു അന്ന് ഇവർ ആരോപിച്ചിരുന്നത്.
വിരമിക്കുന്നതിന് തൊട്ടുമുമ്പ് അയോധ്യ കേസ്, ശബരിമല കേസ് തുടങ്ങി വിവാദമായ പല കേസുകളുടെയും വിധികൾ പുറപ്പെടുവിച്ചിരുന്ന ബെഞ്ചിന് നേതൃത്വം നൽകിയ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയെ രാജ്യസഭാംഗമായി രാഷ്ട്രപതി നാമനിർദേശം ചെയ്തത് തിങ്കളാഴ്ച രാത്രിയാണ്. കഴിഞ്ഞ നവംബറിലാണ് സുപ്രീംകോടതിയിൽ നിന്ന് ഗോഗോയി വിരമിച്ചത്. സുപ്രീംകോടതിയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി ലൈംഗികാരോപണം നേരിട്ട ചീഫ് ജസ്റ്റിസും ഗൊഗോയിയായിരുന്നു.
Discussion about this post