ന്യൂഡല്‍ഹി: രാജ്യത്ത് 125 പേര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യവകുപ്പ്. കര്‍ണാടകയില്‍ രണ്ട് പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. യുകെയില്‍ നിന്ന് മടങ്ങിവന്ന 20 വയസുള്ള യുവതിക്കും അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട അറുപതുകാരിക്കുമാണ് രോഗം സ്ഥിരീകരിച്ചരിക്കുന്നത്. ഇതോടെ കര്‍ണാടകയില്‍ വൈറസ് ബാധിതരുടെ എണ്ണം പത്തായി.
അതേസമയം രാജ്യത്ത് പതിമൂന്ന് പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതുവരെ രണ്ട് മരണങ്ങളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മഹാരാഷ്ട്രയില്‍ 40 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
രാജ്യത്ത് കൊവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തില്‍ നാളെ മുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാര്‍ക്കും നിര്‍ബന്ധിത ക്വാറന്റൈയിന്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരെയാണ് 14 ദിവസം ക്വാറന്റൈയിന്‍ വയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.