സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഇനി രാജ്യസഭാംഗം; ശുപാര്‍ശ ചെയ്ത് രാഷ്ട്രപതി

ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി രാജ്യസഭാംഗമാകുന്നു. രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് ഗൊഗോയിയുടെ പേര് ശുപാര്‍ശ ചെയ്തത്. ഇന്ത്യന്‍ സുപ്രീം കോടതിയുടെ 46ാമത് ചീഫ് ജസ്റ്റിസായിരുന്നു രഞ്ജന്‍ ഗൊഗോയി.

2018 ഒക്ടോബര്‍ 3ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റ രഞ്ജന്‍ ഗൊഗോയ് 2019 നവംബര്‍ 17നാണ് വിരമിച്ചത്.അയോധ്യ, ശബരിമല, റാഫേല്‍ ഉള്‍പ്പടെ സുപ്രധാന വിധികള്‍ പുറപ്പെടുവിച്ച ശേഷമാണ് അദ്ദേഹം കോടതിയുടെ പടിയിറങ്ങിയത്.

കേസുകള്‍ വിഭജിക്കുന്നതിലെ അപാകത ഉയര്‍ത്തി ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയുടെ കാലത്ത് കോടതി നടപടികള്‍ നിര്‍ത്തിവെച്ച് പരസ്യപ്രതിഷേധത്തിന് ഇറങ്ങിയ ജഡ്ജിമാരില്‍ പ്രമുഖനായിരുന്നു ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്.

ദീപക് മിശ്രയുടെ പകരക്കാരനായി 2018 ഒക്ടോബര്‍ മൂന്നിനാണ് രഞ്ജന്‍ ഗൊഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്നത്. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രധാന വിധി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ദീപക് മിശ്ര വിരമിച്ചത്.

ഗൊഗോയ് പടിയിറങ്ങുന്നതും ശബരിമല കേസില്‍ വിധി പറഞ്ഞുകൊണ്ടു തന്നെയാണ്. ആസ്സാംകാരനായ ഗൊഗോയ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നു രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്ന ആദ്യ വ്യക്തിയാണ്. ആസ്സാമിലെ ദിബ്രുഗഡിലായിരുന്നു ജനനം.അസം മുഖ്യമന്ത്രിയായിരുന്ന കേശബ് ചന്ദ്ര ഗൊഗോയിയുടെ മകനാണ് ഗൊഗോയി.

Exit mobile version