ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ ആളുകളില്‍ കൊറോണ വൈറസ് സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമേ സ്വിമ്മിങ് പൂളുകള്‍, മാളുകള്‍ എന്നിവയും അടച്ചിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാളിന്റെതാണ് നിര്‍ദേശം.
ഇവ കൂടാതെ പൊതുഗതാഗത സംവിധാനം കുറയ്ക്കണം, ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യം കമ്പനികള്‍ ഒരുക്കണമെന്നും നിര്‍ദേശമുണ്ട്. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 31 വരെ ഒരു മീറ്റര്‍ അകലത്തില്‍ നിന്നുവേണം ആളുകള്‍ തമ്മില്‍ ഇടപഴകാന്‍. ഗള്‍ഫില്‍ നിന്ന് വരുന്നവരെ മാറ്റിപ്പാര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
യൂറോപ്പില്‍ നിന്ന് വരുന്ന യാത്രക്കാരെ കൊണ്ടുവരരുതെന്ന് വിമാനകമ്പനികള്‍ക്ക് നിര്‍ദേശമുണ്ട്. യൂറോപ്പിലേക്ക് യാത്രാ നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിരോധനം ബുധനാഴ്ച മുതല്‍നിലവില്‍ വരും. കൊറോണ പ്രതിരോധത്തിന്റെ കാര്യത്തില്‍ ഇനിയുള്ള ആഴ്ചകള്‍ വളരെ നിര്‍ണായകമാണ്. അത് വിലയിരുത്തിക്കൊണ്ടാണ് മാര്‍ച്ച് 31 വരെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാളുകളും ഉള്‍പ്പടെ അടച്ചിടാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്.
അതെസമയം രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 114 ആയി ഉയര്‍ന്നു. ഒഡിഷ, ജമ്മു കശ്മീര്‍, ലഡാക്ക്, കേരളം എന്നിവിടങ്ങളിലാണ് പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തത്.
Discussion about this post