മുംബൈ: കൊറോണ രോഗലക്ഷണങ്ങളുണ്ടായിരുന്നതിനെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന 11 പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും ചാടിപ്പോയി. മഹാരാഷ്ട്രയിലാണ് സംഭവം. നവി മുംബൈയില്‍ ഒരു ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരാണ് വാര്‍ഡില്‍ നിന്നും ഓടിപ്പോയത്. ഇതില്‍ ഒരാളുടെ ഫലം പോസിറ്റീവാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
ദുബായില്‍ നിന്നെത്തിയ ഇവരെ രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്നാണ് പരിശോധനകള്‍ക്ക് ശേഷം ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. ഇവരുടെ പരിശോധനാ ഫലം കാത്തിരിക്കുന്നതിനിടെയാണ് ആശുപത്രിയില്‍ നിന്നും മുങ്ങിയത്. തങ്ങള്‍ക്ക് ദുബായിയില്‍ ക്രിക്കറ്റ് മത്സരം കളിക്കാനുണ്ടെന്ന് പറഞ്ഞാണ് ഇവര്‍ മുങ്ങിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നവി മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷനും ലോക്കല്‍ പോലീസും ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
അതിനിടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 115 ആയി ഉയര്‍ന്നു. കൂടുതല്‍ പേര്‍ മഹാരാഷ്ട്രയിലാണ്. 33ഓളം പേര്‍ക്കാണ് സംസ്ഥാനത്ത് കൊറോണ ബാധ സ്ഥിരീകരിച്ചത്.