ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം നൂറ്റി ഏഴായി ഉയര്‍ന്നു. മുംബൈ, പൂനെ, നാഗ്പൂര്‍, യുവത്മല് എന്നിവിടങ്ങളിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പൂണെയില്‍ മാത്രം പതിനഞ്ച് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ മുപ്പത്തൊന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെയാണ് ഏറ്റവും കൂടുതല്‍ കൊറോണ സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ കൊവിഡ് 19 നെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു.
അതേസമയം രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ അതിര്‍ത്തികള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിരിക്കുകയാണ് ഇന്ത്യ. പാകിസ്താനിലേക്കും തിരികെയുമുള്ള കര അതിര്‍ത്തികവാടങ്ങളെല്ലാം അനിശ്ചിതകാലത്തേക്ക് അടച്ചു. ഇതിനു പുറമെ നേപ്പാള്‍, ഭൂട്ടാന്, ബംഗ്ലാദേശ്, മ്യാന്മര് എന്നീ രാജ്യങ്ങളിലേക്കുള്ള കര അതിര്‍ത്തി കവാടങ്ങളില്‍ ഇന്ന് അര്‍ധരാത്രിയോടെ അടയ്ക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. നിലവില്‍ അതിര്‍ത്തിക്ക് ഇപ്പുറത്ത് ഉള്ളവര്‍ ഇന്ന് വൈകീട്ടോടെ തിരികെപ്പോകണമെന്നും അറിയിച്ചിട്ടുണ്ട്.
നേരത്തേ ബംഗ്ലാദേശില്‍ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമിടയിലുള്ള രണ്ട് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. അടുത്ത മാസം പതിനഞ്ചാം തീയതി വരെയാണ് റദ്ദാക്കിയിരിക്കുന്നത്. അതിനിടെ ഡല്‍ഹിയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചയാള്‍ സുഖം പ്രാപിച്ചു. ഇയാളെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തു.
Discussion about this post