ലഖ്‌നൗ: കൊറോണ ഭീതിയിലാണ് രാജ്യം. രോഗബാധിതരുടെ എണ്ണം നൂറ് കടന്നതോടെ പ്രതിരോധ നടപടികളും നിയന്ത്രണങ്ങളുമെല്ലാം ശക്തമാക്കിയിരിക്കുകയാണ്. അതിനിടെ കൊറോണയുമായി ബന്ധപ്പെട്ട് പല വ്യാജവാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. സന്ദര്‍ഭം മുതലെടുത്ത് ആളുകളെ കബളിപ്പിക്കുന്നവരും നിരവധിയാണ്.
അത്തരത്തില്‍ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ ഉണ്ടായത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് തന്റെ കൈവശം മാന്ത്രിക കല്ലുകളുണ്ടെന്ന് പറഞ്ഞ് ആളുകളെ കബളിപ്പിച്ച ആള്‍ദൈവം പോലീസ് പിടിയിലായി. ഒരു കല്ലിനായി ഇയാള്‍ ഭക്തരില്‍ നിന്ന് വാങ്ങുന്നത് പതിനൊന്ന് രൂപയാണ്.
കൊറോണ വൈറസ് ഭേദമാക്കുമെന്നും മാസ്‌കുകള്‍ ധരിക്കേണ്ട, പകരം ഈ കല്ലുകള്‍ ഉപയോഗിച്ചാല്‍ മതിയെന്നുമായിരുന്നു ഇയാളുടെ അവകാശ വാദം. കൊറോണ വൈറസിനെ മറികടക്കാന്‍ തന്റെ കൈയില്‍ ഒരു മാന്ത്രിക മരുന്ന് ഉണ്ടെന്ന് ഇയാള്‍ കടയുടെ പുറത്ത് ഒരു ബോര്‍ഡും വെച്ചിട്ടിണ്ട്.
നിരവധി പേരാണ് ഇത് വിശ്വസിച്ച് കല്ലുവാങ്ങാനായി ഇയാളെ സമീപിച്ചത്. സംഭവം അധികൃതരുടെ ചെവിയിലെത്തിയതോടെ ഇയാളെ പിടികൂടുകയായിരുന്നു. പോലീസ് ഇയാളെ അറസ്റ്റ് ചെയ്തതായി മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. കൊറോണ ബേല്‍ ബാബയെന്നാണ് ഇയാള്‍ സ്വയം വിളിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
ധാരാളം നിരപരാധികളെ ഇയാള്‍ കബളിപ്പിച്ചതായും പോലീസ് പറയുന്നു. കൊറോണയെ നേരിടാന്‍ എന്തെല്ലാം മുന്‍കരുതലുകള്‍ എടുക്കണമെന്നറിയാത്തവരാണ് അബദ്ധങ്ങളിലും വ്യാജ പ്രചാരണങ്ങളിലും ചെന്നുചാടുന്നതെന്നും അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post