അബുദാബി: യുഎഇയില്‍ ഒരു ഇന്ത്യക്കാരന് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. വിദേശത്ത് അവധിക്കാലം ചിലവഴിച്ച് തിരികെയെത്തിയ ഇന്ത്യക്കാരനിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കൊറോണ വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തിയതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു.
രോഗിയുമായി അടുത്ത് ഇടപഴകിയവരെയെല്ലാം പരിശോധിച്ചെന്നും മാറ്റാര്‍ക്കും വൈറസ് ബാധയേറ്റിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള എല്ലാ നടപടികളും ബന്ധപ്പെട്ട എല്ലാ വകുപ്പുകളുമായും ചേര്‍ന്ന് സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അതിനിടെ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി യുഎഇ എല്ലാ വിസ വിതരണവും നിര്‍ത്തിവച്ചു. മാര്‍ച്ച് 17 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. മാര്‍ച്ച് 17-ന് മുമ്പ് വിസ ലഭിച്ചവര്‍ക്ക് വിലക്ക് ബാധകമല്ലന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് പ്രസ്താവനയില്‍ അറിയിച്ചു. ഡിപ്ലോമാറ്റിക് വിസക്ക് വിലക്ക് ബാധകമല്ല. ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് യുഎഇയുടെ തീരുമാനം.
യുഎഇയില്‍ ഇതോടെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 86 ആയി. നേരത്തെ കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മൂന്ന് പേര് കൂടി സുഖം പ്രാപിച്ചു. രണ്ട് യുഎഇ പൗരന്മാരും ഒരു ഇന്ത്യക്കാരനുമാണ് രോഗത്തെ അതിജീവിച്ചത്. ഇതോടെ യുഎഇയില്‍ കൊറോണ വൈറസ് ബാധ ഭേദമായവരുടെ എണ്ണം 23 ആയി.
Discussion about this post