ന്യൂഡല്‍ഹി: കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം നല്‍കുമെന്ന ഉത്തരവ് തിരുത്തി കേന്ദ്ര സര്‍ക്കാര്‍. കുടുംബങ്ങള്‍ക്ക് നാലുലക്ഷം നല്‍കില്ല, ഇതോടൊപ്പം ചികിത്സാ സഹായവും ഒഴിവാക്കിയിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പുതുക്കിയ ഉത്തരവ് ഇറക്കിയത്. ലോകാരോഗ്യ സംഘടന കൊറോണയെ മഹാമാരിയായി പ്രഖ്യാപിക്കുകയും രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണത്തില്‍ അനുദിനം വര്‍ധനവ് ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ കൊറോണയെ കേന്ദ്രം ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.
കൊറോണയെ ദുരന്തമായി പ്രഖ്യാപിക്കുന്നതോടെ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്നുള്ള പണം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ സാധിക്കും. പ്രധാനമായും ലാബുകള്‍ മറ്റു ഉപകരണങ്ങള്‍ എന്നിവയ്ക്കായി എസ്ഡിആര്‍എഫില്‍ നിന്നുള്ള പണം ഉപയോഗിക്കാം എന്ന് ആഭ്യന്തരമാന്ത്രാലയം ഇറക്കിയ പുതിയ ഉത്തരവില്‍ പറയുന്നു. വാര്‍ഷിക ഫണ്ടില്‍ നിന്നും പത്തുശതമാനം വരെ ലാബുകള്‍ക്കും മറ്റു ഉപകരണങ്ങള്‍ക്കുമായി വിനിയോഗിക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
ആദ്യം പുറപ്പെടുവിച്ച ഉത്തരവില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാലുലക്ഷം രൂപ ധനസഹായവും കൊറോണ സ്ഥിരീകരിച്ച ആളുകളുടെ ചികിത്സാ ചെലവും ഈ ഫണ്ടില്‍ നിന്ന് ഉപയോഗിക്കാനുമായിരുന്നു നിര്‍ദേശം. പിന്നാലെ, ഈ നിര്‍ദേശം പിന്‍വലിക്കുകയായിരുന്നു. ഇതോടൊപ്പം സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശവും കേന്ദ്രം നല്‍കിയിട്ടുണ്ട്.