ന്യൂഡൽഹി: രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 84 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ അറിയിപ്പിലാണ് പുതിയ കണക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. വൈറസ് സ്ഥിരീകരിച്ചവരിൽ രോഗം പൂർണ്ണമായി ഭേദമായ 10 പേരെ ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തുവെന്നും ആരോഗ്യവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി സഞ്ജീവ കുമാർ അറിയിച്ചു. വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ കൊറോണയെ കേന്ദ്ര സർക്കാർ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.
ഇതുവരെ നാലായിരത്തിലേറെ ആളുകളേയാണ് കൊറോണ രോഗബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് നിരീക്ഷണത്തിൽ വെച്ചിരിക്കുന്നത്. വൈറസ് ബാധ നിയന്ത്രിക്കാൻ ആവശ്യമായ മുൻകരുതൽ നടപടികളെല്ലാം സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഇറാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ വഹിച്ചുള്ള വിമാനം ശനിയാഴ്ച രാത്രിയോടെ മുംബൈയിലെത്തും. ഇറ്റലിയിൽ കുടുങ്ങിയ വിദ്യാർത്ഥികളേയും തിരിച്ചെത്തിക്കും.