ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞ് താഴ്ന്നതോടെ രാജ്യത്തെ ഇന്ധനവില കുറയുമെന്ന് ആലോചിച്ച് സ്വപ്‌നം കണ്ടവർക്ക് ഇരുട്ടടി നൽകിയാണ് എക്‌സൈസ് ഡ്യൂട്ടി വർധിപ്പിച്ച് കേന്ദ്രം പണി തന്നത്. ദിനംപ്രതി എണ്ണവിലയിൽ മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ച സമയത്ത് ആഗോള വിപണിയിൽ എണ്ണ വില കുറയുമ്പോൾ രാജ്യത്തും കുറയുമെന്ന് പ്രതീക്ഷിച്ചിരുന്ന എല്ലാ ജനങ്ങൾക്കുമുള്ള തിരിച്ചടിയായിരുന്നു കേന്ദ്രത്തിന്റെ വക ലഭിച്ചത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടിവിൽ അസംസ്‌കൃത എണ്ണ എത്തിയിട്ടും അതിന്റെ നേട്ടം അനുഭവിക്കാൻ ഇന്ത്യക്കാർക്ക് യോഗമില്ലെന്നാണ് പുതിയ കേന്ദ്ര തീരുമാനം സൂചിപ്പിക്കുന്നത്. കേന്ദ്രം ഇറക്കിയ വിജ്ഞാപനം പര്കാരം എക്‌സൈസ് നികുതിയിൽ പെട്രോൾ, ഡീസൽ ലിറ്ററിന് മൂന്നു രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. പ്രത്യേക എക്‌സൈസ് നികുതി രണ്ടു രൂപ വർധിപ്പിച്ചു എട്ട് രൂപയുമാക്കിയിട്ടുമുണ്ട്. ഡീസലിന് നാല് രൂപയും. റോഡ് സെസും ലിറ്ററിന് ഒരു രൂപ വർധിപ്പിച്ചിട്ടുണ്ട്. 10 രൂപയായിരിക്കും റോഡ് സെസ്.
ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 52 ഡോളറിലേക്ക് മാർച്ച് ആറിന് തകർന്ന് വീണതോടെയാണ് എല്ലാത്തിന്റേയും തുടക്കം. മാർച്ച് എട്ടിന് ഇത് 31.49 ഡോളറായും താഴ്ന്നു ഏറ്റവും വലിയ ഇടിവിലെത്തി. പിന്നീട് മാർച്ച് 11ന് നില മെച്ചപ്പെടുത്തിയെങ്കിലും വലിയ കാര്യമായ നേട്ടമുണ്ടായില്ല. ഇന്ന് 35 ഡോളറിലേക്ക് ക്രൂഡ് ഓയിൽ വില എത്തിയതാണ് നേരിയ ആശ്വാസം. എന്നാൽ ഇത്രയേറെ ആഗോളതലത്തിൽ ചാഞ്ചാട്ടം സംഭവിച്ചിട്ടും ഇന്ത്യക്കാർക്ക് ഒരു പത്തുരൂപയുടെ നേട്ടം പോലും ഉണ്ടാക്കാനായിട്ടില്ല. ഒരു കുറവും വരുത്താതെ ഇന്ത്യയിലെ എണ്ണക്കമ്പനികളും സർക്കാരും ജനങ്ങളുടെ പോക്കറ്റടിച്ചു. ഇപ്പോവും അതുതന്നെയാണ് തുടരുന്നതും. 2019 ഏപ്രിൽ മുതൽ 2020 ജനുവരി വരെ 188.4 മില്യൺ ടൺ ക്രൂഡ് ഓയിൽ ഇന്ത്യ ഇറക്കുമതി ചെയ്തു. ഇതിന് 87.7 ബില്യൺ ഡോളർ വിലയായി നൽകുകയും ചെയ്തു. ഒരു ബാരൽ ക്രൂഡ് ഓയിലിന് 64 ഡോളറാണ് ശരാശരി വിലയായി 2019 ഏപ്രിൽ മുതൽ 2020 ജനുവരി വരെ ഇന്ത്യ നൽകിയത്. എന്നാൽ, 2020 മാർച്ച് ആറിന് ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിന്റെ വില ബാരലിന് 47.92 ഡോളർ മാത്രമായിരുന്നു. മാർച്ച് 10ന് ഇത് 34.52 ഡോളറായി കുറഞ്ഞു. 28 ശതമാനത്തിന്റെ കുറവാണ് ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായിരിക്കുന്നത്.
2014ൽ വൻഭൂരിപക്ഷത്തോടെ ഒന്നാം മോഡി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ബാരലിന് 106.85 ഡോളറായിരുന്നു ക്രൂഡ് ഓയിൽ വില. അന്ന് ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 71.41 രൂപയായിരുന്നു. ഇന്നാകട്ടെ ഡൽഹിയിൽ പെട്രോളിന്റെ വില 70 രൂപയാണ്. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില 35 ഡോളറും. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ 50ലേറെ ശതമാനത്തിന്റെ ഇടിവ് ക്രൂഡ് ഓയിലിന് സംഭവിച്ചിട്ടും ഇതൊന്നും ഇന്ത്യൻ വിപണിയിൽ പ്രതിഫലിക്കാത്തത് രാജ്യത്തെ നികുതി കണക്ക് കാരണമാണ്.
കണക്കുകൾ പരിശോധിച്ചാൽ, 2014 മേയിൽ ഒന്നാം മോഡി സർക്കാർ അധികാരത്തിലെത്തിയ സമയത്ത് 47.12 രൂപക്കാണ് ഒരു ലിറ്റർ പെട്രോൾ ഡീലർമാർക്ക് ലഭിച്ചിരുന്നത്. കേന്ദ്രസർക്കാരിന്റെ എക്‌സൈസ് നികുതി 10.39 രൂപയും സംസ്ഥാന സർക്കാറിന്റെ വാറ്റ് 11.9 രൂപയും ഡീലർമാരുടെ കമ്മീഷൻ 2 രൂപയുമൊക്കെ ചേർത്ത് 71.41 രൂപയായിരുന്നു ഒരു ലിറ്റർ പെട്രോളിന്റെ വില.
2020ലെ കണക്ക് പ്രകാരം, ഡീലർമാർക്ക് 32.93 രൂപക്ക് പെട്രോൾ ലഭിക്കുന്നുണ്ട്, എന്നാൽ കേന്ദ്രസർക്കാർ ചുമത്തുന്ന നികുതിയായ എക്‌സൈസ് ഡ്യൂട്ടി 10.39 ൽ നിന്ന് 19.98 രൂപയായി വർധിച്ചത് ജനങ്ങളുടെ തലയ്ക്കുള്ള പ്രഹരമാണ്. മേമ്പൊടിക്ക് സംസ്ഥാന നികുതി 11.9 രൂപയിൽ നിന്ന് 15.25 രൂപയായും വർധിച്ചിട്ടുണ്ട്. ഇതോടെ, 3.55 രൂപ ഡീലർമാരുടെ കമ്മീഷനും കൂട്ടിച്ചേർത്ത് ആകെ വില 71.71 രൂപയായി. ഈ സാഹചര്യത്തിലാണിപ്പോൾ വീണ്ടും എക്‌സൈസ് നികുതി മൂന്നു രൂപ കൂടി വർധിപ്പിച്ചത്. ഒപ്പം പ്രത്യേക എക്‌സൈസ് നികുതിയും. റോഡ് സെസും.
കൊറോണ ഉൾപ്പടെയുള്ള ആഗോള പ്രതിഭാസങ്ങൾ കാരണം ലോക സാമ്പത്തിക രംഗം തന്നെ വലിയ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനാൽ ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യവും ഇടിഞ്ഞുതാഴ്ന്നിട്ടുണ്ട്. എണ്ണവിലയുടെ രണ്ടാഴ്ചത്തെ ശരാശരി കണക്കാക്കിയാണ് ഇന്ത്യയിൽ കമ്പനികൾ വില നിശ്ചയിക്കുന്നത്. ഇന്ന് വീണ്ടും നികുതി വർധിപ്പിച്ചതോടെ ക്രൂഡ് ഓയിൽ വിലയിടിവ് നേട്ടം അടുത്തെങ്ങും ജനങ്ങൾക്ക് ലഭിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.
Discussion about this post