ഫഖ്റുദ്ധീന്‍ പന്താവൂര്‍
ന്യൂഡല്‍ഹി: പാരമ്പര്യത്തില്‍നിന്ന് മാറി പുതിയ വഴി തിരഞ്ഞെടുത്ത ഡല്‍ഹിക്കാരിയായ ഒരു പെണ്‍കുട്ടിയെ പരിചയപ്പെടാം. മുസ്ലീം പണ്ഡിതരുടെയും മൗലാനയുടെയും കുടുംബത്തില്‍ പിറന്ന റോഷ്നി മിസ്ബാഹ് എന്ന പെണ്‍കുട്ടി ഈ സുന്ദരി പ്രണയിച്ചത് ബൈക്കുകളെയാണ്. അതിന് എപ്പോഴും പിന്തുണയായതാകട്ടെ മതപണ്ഡിതനായ ഉപ്പയും. ഉപ്പമാരുടെ പിന്തുണയാണല്ലോ പെണ്മക്കളുടെ ധൈര്യം. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി റോഷ്നി ബൈക്ക് ഓടിക്കുന്നത്. അതോടെ ബൈക്കൊരു വികാരമായി അവളുടെ ഖല്ബില് നിറഞ്ഞു. ഒരു പെണ്‍കുട്ടി ബൈക്ക് ഓടിച്ചത് പലരും കളിയാക്കുകയും വിമര്‍ശിക്കുകയും ചെയ്തു.
ഉപ്പയുടെ പിന്തുണ ആവോളമുള്ളതിനാല്‍ അതൊന്നും കാര്യമാക്കിയില്ല. ജാമിയ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന കാലത്താണ് ബൈക്ക് ഓടിക്കാന്‍ കൂടുതല്‍ അവസരം കിട്ടിയത്. അപ്പോഴാകട്ടെ ഉപ്പാക്കും ഉമ്മാക്കും ആധിയായിരുന്നു. മകള്‍ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അവര്‍ പിന്തുണച്ചു.പഠിപ്പും ബുള്ളറ്റും.. അതായിരുന്നു സ്റ്റൈല്‍. ഹിജാബിട്ട ബുള്ളറ്റ് റൈഡര്‍.. അങ്ങനെയൊരു പേരും വീണു കോളേജില്‍. ഒരു ബുള്ളറ്റ് സ്വന്തമാക്കണമെന്നായിരുന്നു സ്വപ്നം. അക്കാലത്ത് ഒരു പ്രസാധകശാലയില്‍ ജോലി ചെയ്തിരുന്നു റോഷ്നി. അവിടുന്ന് കിട്ടിയ പണവും പിന്നെ ഉപ്പ സഹായിച്ചതും കൂട്ടി ആദ്യമായൊരു ബുള്ളറ്റ് സ്വന്തമാക്കി.
ഒരു മുസ്ലീം പെണ്‍കുട്ടി, അതും തല മറച്ച്, ബൈക്ക് ഓടിക്കുന്നത് കോളേജിലെ അപാകതയായിട്ടാണ് പലരും കണ്ടത്. ലഡാക്കിലേക്ക് പോകുന്ന ഒരു ബുള്ളറ്റ് റൈഡ് ഗ്രൂപ്പില്‍ ചേരാന്‍ ശ്രമിച്ചെങ്കിലും അവര്‍ സമ്മതിച്ചില്ല. ഏറെ നിരാശയിലായി. മുസ്ലിം പാരമ്പര്യ വേഷത്തിലുള്ള റോഷ്നിയില്‍ അവര്‍ക്ക് വിശ്വാസമില്ലായിരുന്നു അതാണ് കാരണം. അങ്ങനെയാണ് ഒരു പ്രാദേശിക പത്രം റോഷ്നിയെക്കുറിച്ച് ഒരു ഫീച്ചര്‍ എഴുതിയതും പതുക്കെ അവള് ജനപ്രീതി നേടിയതും. അതോടെ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ അസോസിയേഷന് റോഷ്നിയെ തേടി ഇങ്ങോട്ടെത്തി. അവരോടൊപ്പം പെണ്‍കുട്ടികളുടെ ശിശു വിദ്യാഭ്യാസത്തിനായി – കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ബുള്ളറ്റ് റൈഡ് നടത്തി.
അതോടെ റോഷ്നിയെ ആളുകള്‍ തെരുവില്‍ തിരിച്ചറിയാന്‍ തുടങ്ങി, പോലീസുകാര്‍ സെല്‍ഫി എടുക്കാന്‍ ആഗ്രഹിച്ചു! സോഷ്യല്‍ മീഡിയയില്‍ ഫോട്ടോകള്‍ പോസ്റ്റുചെയ്യാന്‍ തുടങ്ങി. ഇന്ന് ഈ പെണ്‍കുട്ടിക്ക് അഞ്ച് ബുള്ളറ്റുകളുണ്ട്. മത ചിഹ്നങ്ങള്‍ ഒട്ടും തടസമേയല്ലന്ന് ഇവള് സ്വന്തം ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തുന്നു. അവളുടെ വാക്കുകള്‍ ‘ഞാന്‍ ഒരു ദിവസം അഞ്ച് തവണ നമസ്കരിക്കുന്നു. ഞാന്‍ എന്റെ മതം ആചരിക്കുന്നു, ഞാന്‍ തല മറക്കുന്നു. പക്ഷേ ഞാന്‍ ലെതര്‍ ജാക്കറ്റും ബൈക്കര്‍ ബൂട്ടും ധരിക്കുന്നു എന്റെ ഹൃദയം എന്നോട് പറയുന്നത് ഞാന്‍ ചെയ്യുന്നു. എന്റെ മതമോ കുടുംബമോ സമൂഹമോ എന്നെ അതില്‍ നിന്നും തടഞ്ഞിട്ടില്ല.
Discussion about this post