ന്യൂഡല്‍ഹി: ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്നും നിലവില്‍ രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് 81 പേര്‍ക്കാണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗലക്ഷണമുള്ള 4000 പേരെ കണ്ടെത്തിയിട്ടുണ്ടെന്നും അവര്‍ നിരീക്ഷണത്തിലാണെന്നുമാണ് ആഭ്യന്തര, ആരോഗ്യ, വ്യോമയാന മന്ത്രാലയങ്ങളിലെ ഉന്നതോദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
അതേ സമയം വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പഞ്ചാബിലെ അട്ടാരിയിലുള്ള ഇന്ത്യ-പാക് ചെക്‌പോസ്റ്റ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. അഫ്ഗാനില്‍നിന്ന് പാകിസ്താന്‍ വഴി അട്ടാരി-വാഗ അതിര്‍ത്തിയിലെത്തുന്ന ചരക്കുകള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതും ആളുകളുടെ പോക്കുവരവിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ കര്‍താര്‍പുര്‍ ഇടനാഴിവഴി പാകിസ്താനിലെ സിഖ് ഗുരുദ്വാര സന്ദര്‍ശിക്കുന്നതിനും ഉടന്‍ വിലക്കേര്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്ത് വൈറസ് ബാധ കാരണം രണ്ട് പേരാണ് മരിച്ചത്. ഡല്‍ഹിയിലും കര്‍ണാടകയിലുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, സ്‌പെയിന്‍, ഇസ്രയേല്‍, ദക്ഷിണകൊറിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഏപ്രില്‍ 30 വരെ എയര്‍ ഇന്ത്യ റദ്ദാക്കിയിരിക്കുകയാണ്. ഇതിനു പുറമെ ജെഎന്‍യു, ജാമിയ മിലിയ സര്‍വകലാശാലകള്‍ക്ക് മാര്‍ച്ച് 31 വരെ അവധി നല്‍കിയിരിക്കുകയാണ്.