ചെന്നൈ:പോലീസ് കോണ്‍സ്റ്റബിളിനെ ഇരുചക്ര വാഹനത്തില്‍ നിന്നു തള്ളി വീഴ്ത്തിയ ട്രാഫിക് എസ്‌ഐക്ക് പണികിട്ടി. അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് അവധി നിഷേധിച്ചതിനു വോക്കി ടോക്കിയിലൂടെ പരാതി പറഞ്ഞയിനാണ് ഈ പ്രതികാര നടപടി. വീഴ്ചയില്‍ പരുക്കേറ്റ പോലീസ് കോണ്‍സ്റ്റബിള്‍ ചികില്‍സയിലാണ്. ഇയാളെ തള്ളിയിടുന്ന ദൃശ്യം ക്യാമറയില്‍ വ്യക്തമാണ്.
എന്നാല്‍ സംഭവം വൈറലായതോടെ ട്രാഫിക് എസ്‌ഐ രവിചന്ദ്രനെ റിസര്‍വ് പോലീസിലേക്കു മാറ്റി. സംഭത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ സിറ്റി പോലീസ് കമ്മിഷണര്‍ എകെ വിശ്വനാഥന്‍ നിര്‍ദേശം നല്‍കി. ഇതിനിടെ സംഭവത്തില്‍ പരാതി നല്‍കാനെത്തിയ ധര്‍മന്റെ ഭാര്യ അഭിരാമിയെ നാലു മണിക്കൂറോളം സ്റ്റേഷനില്‍ കാത്തു നിര്‍ത്തിയതായും പരാതിയുണ്ട്.
കഴിഞ്ഞ 21 നാണ് സംഭവം. ബൈക്കില്‍ വന്ന ധര്‍മനെ രവിചന്ദ്രന്‍ തള്ളിയിടുകയായിരുന്നു തുടര്‍ന്ന് നിയന്ത്രണം തെറ്റി തെറിച്ചു വീണ ധര്‍മന്‍ തലനാരിഴയ്ക്കാണ് എതിരെ വന്ന മിനിലോറിയുടെ അടിയില്‍ നിന്നു രക്ഷപ്പെട്ടത്. തുടര്‍ന്നു നിര്‍ത്തിയിട്ട ജീപ്പിന് സമീപത്തേക്കു കൊണ്ടുവന്നതിനു ശേഷം മറ്റു പോലീസുകാരുടെ സഹായത്തോടെ ധര്‍മന്റെ വായിലേക്കു ദ്രാവകം ഒഴിച്ചു കൊടുക്കുന്നതും വിഡിയോയില്‍ വ്യക്തമായി കാണാം. ധര്‍മന്‍ മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്നു വരുത്തി തീര്‍ക്കാന്‍ ചെയ്തതാണിതെന്നു സംശയമുണ്ട്.
ധര്‍മനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം മദ്യപിച്ചു വാഹനമോടിച്ചു എന്നു രവിചന്ദ്രന്‍ എഴുതി വാങ്ങിയതായാണു ഭാര്യയുടെ പരാതിയിലും പറയുന്നത്. വോക്കി ടോക്കിയില്‍ പരാതി പറഞ്ഞതിനും, മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനും ധര്‍മനെ ഇതേ ദിവസം സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണു യഥാര്‍ഥ സംഭവം പുറത്തായത്. കഴിഞ്ഞ 6ന് അമ്മയുടെ മരണത്തെ തുടര്‍ന്ന് ധര്‍മന്‍ ഒരാഴ്ച അവധിയെടുത്തിരുന്നു. തുടര്‍ന്നു 21ന് അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്കായി ധര്‍മന്‍ വീണ്ടും അവധി ചോദിച്ചു. എന്നാല്‍ രവിചന്ദ്രന്‍ അവധി നല്‍കിയില്ല.
വോക്കിടോക്കിയിലൂടെ ധര്‍മന്‍ പരാതിപറഞ്ഞത് ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ ശ്രദ്ധയില്‍പെട്ടു. ഇതാണ് രവിചന്ദ്രനെ ഈ കൃത്യത്തിലേക്ക് നയിച്ചത്. ധര്‍മന്‍ മദ്യലഹരിയിലാണു വോക്കി ടോക്കിയില്‍ സംസാരിച്ചതെന്നാണ് ഉന്നതരുടെ ചോദ്യത്തിന് രവിചന്ദ്രന്‍ മറുപടി നല്‍കിയത്. ഇത് തെളിയിക്കുന്നതിനു വാഹനം തടഞ്ഞു നിര്‍ത്തി വായില്‍ മദ്യമൊഴിച്ചു കസ്റ്റഡിയിലെടുക്കാനുള്ള ശ്രമമാണു സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പാളിയത്.