ന്യൂഡല്‍ഹി: ഉന്നാവ് ബലാത്സംഗക്കേസിലെ പ്രതി മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന് മറ്റൊരു കേസില്‍ 10 വര്‍ഷം തടവ്. ഉന്നാവില്‍ ബലാത്സംഗത്തിനിരയാക്കിയ യുവതിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസിലാണ് 10 വര്‍ഷം തടവ്. ബലാത്സംഗ കേസില്‍ നേരത്തെ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച സെന്‍ഗാര്‍ നിലവില്‍ ജയിലിലാണ്.
സെന്‍ഗറിനെ കൂടാതെ മറ്റു ആറു പ്രതികള്‍ക്കും പത്ത് വര്‍ഷം തടവ് വിധിച്ചു. സെന്‍ഗറും രണ്ട് സഹോദരങ്ങളും 10 ലക്ഷം രൂപ വീതം കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഡല്‍ഹി കോടതിയുടെതാണ് വിധി. രണ്ടു പോലീസുകാരും കേസില്‍ പ്രതികളാണ്.
ബലാത്സംഗത്തിനിരയായ യുവതിയുടെ പിതാവിനെ കള്ളക്കേസില്‍ കുടുക്കി കസ്റ്റഡിയിലെടുത്ത ശേഷം മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. ബലാത്സംഗക്കേസ് നടക്കുന്നതിനിടെ യുവതിക്ക് കാറപകടം സംഭവിച്ചിരുന്നു. അപകടത്തില്‍ യുവതിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും കൂടെയുള്ളവര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സെന്‍ഗാര്‍ ആസൂത്രണം ചെയ്ത് നടത്തിയ അപകടമാണെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്.