ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമയായി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഏകതാപ്രതിമ ഉയര്‍ന്നുകഴിഞ്ഞതോടെ രാജ്യത്തിന്റെ പലഭാഗത്തും വിവിധ പ്രതിമകള്‍ നിര്‍മ്മിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
ഏകതാപ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വപ്നപദ്ധതിയായിരുന്നുവെങ്കിലും അതിന്റെ നിര്‍മാണ ചിലവ് ലോകത്തെ നാനാഭാഗങ്ങളില്‍ നിന്നുള്ള വിമര്‍ശനം ഏറ്റുവാങ്ങുകയാണ്.
ബ്രിട്ടന്‍ ഇന്ത്യക്ക് നല്‍കിയ ധനസഹായം നിറുത്തണമെന്ന് വരെ ആവശ്യമുയര്‍ന്നിരുന്നു. ലക്ഷക്കണക്കിന് പട്ടിണി പാവങ്ങളുള്ള നാട്ടില്‍ ഇത്തരം ധൂര്‍ത്ത് വേണ്ടിയിരുന്നില്ല എന്നതാണ് ഒട്ടുമിക്ക വിമര്‍ശനങ്ങളുടെയും ഉള്ളടക്കം.
എന്നാല്‍ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും ബിജെപി ഭരണത്തിലുള്ള സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ ഏകതാപ്രതിമയെക്കാള്‍ പൊക്കത്തില്‍ ശ്രീരാമന്റെ പ്രതിമ ഉയര്‍ത്താനാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ പദ്ധതി. 221 മീറ്റര്‍ ഉയരത്തില്‍ രാമന്റെ പ്രതിമ ഉയര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമം.
പലരും പല രീതിയില്‍ ഈ നീക്കത്തെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ മുന്‍ സുപ്രീം കോടതി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ ട്രോളാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്.
മാര്‍ക്കണ്ഡേയ കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
”സര്‍ദാര്‍ പ്രതിമയ്ക്ക് 181 മീറ്ററാണ് ഉയരം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പദ്ധതി പ്രകാരം അയോദ്ധ്യയിലെ രാമ പ്രതിമയ്ക്ക് 221 മീറ്ററാണ് ഉയരം. ഈ നിലയ്ക്ക് പോകുകയാണെങ്കില്‍ ദൈവസഹായത്താല്‍ നമുക്ക് റോക്കറ്റിന്റെ സഹായം കൂടാതെ ശൂന്യാകാശത്തില്‍ എത്താനാകും”.