ന്യൂഡൽഹി: ലോകരാജ്യങ്ങളിൽ കൊറോണ ബാധ വ്യാപകമായ പശ്ചാത്തലത്തിൽ ഇന്ത്യക്കാർ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. രാജ്യത്തേക്കുള്ള നയതന്ത്ര വിസകൾ ഒഴികെ വിദേശികൾക്ക് അനുവദിച്ചിട്ടുള്ള എല്ലാ വിസകളും റദ്ദാക്കിയതായി എസ് ജയശങ്കർ അറിയിച്ചു. ലോക്സഭയിൽ കൊറോണ ബാധയേപ്പറ്റി നടത്തിയ പ്രസ്താവനയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇറ്റലിയിൽ നിന്നുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നത് പരിശോധനകൾക്ക് ശേഷം മാത്രമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ചൈന, കൊറിയ, ഇറാൻ, സ്പെയിൻ, ഫ്രാൻസ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്ന എല്ലാ യാത്രക്കാരെയും ക്വാറന്റൈൻ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഇന്ത്യക്കാരും അത്യാവശ്യമല്ലാത്ത യാത്രകൾ മാറ്റിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ മന്ത്രിതല സമിതി സമയാസമയങ്ങളിൽ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം ലോക്സഭയിൽ പറഞ്ഞു.
ഇറാനിൽ ഉള്ള ഇന്ത്യക്കാരിൽ നിന്ന് ശേഖരിച്ച 529 പേരുടെ സാമ്പിളുകളിൽ 229 സാമ്പിളുകൾ കൊറോണ നെഗറ്റീവായിരുന്നുവെന്നും എസ് ജയശങ്കർ സഭയെ അറിയിച്ചു. ഇറാനിൽ കുടുങ്ങിയവരെ തിരികെ എത്തിക്കുക എന്നതാണ് പ്രാഥമിക ശ്രദ്ധ. ഇറാനിൽ കുടുങ്ങിയിട്ടുള്ള ഇന്ത്യക്കാരുടെ കാര്യങ്ങൾ സർക്കാർ അന്വേഷിക്കുന്നുണ്ടെന്നും 6,000 ഇന്ത്യക്കാരാണ് ഇറാനിൽ ഇപ്പോൾ കുടുങ്ങിക്കിടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇവരിൽ 1,100 പേരും മഹാരാഷ്ട്ര, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണെന്നും 300 പേർ ജമ്മുകശ്മീരിൽ നിന്നുള്ള വിദ്യാർത്ഥികളാണെന്നും കേരളം, തമിഴ്നാട്, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള 1000 മത്സ്യത്തൊഴിലാളികളും ഇറാനിലുണ്ടെന്നും മന്ത്രി അറിയിച്ചു.
Discussion about this post