ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 73 ആയി. കേരളത്തില്‍ 14 പേര്‍ക്കും ഡല്‍ഹിയില്‍ ആറുപേര്‍ക്കും, ഉത്തര്‍പ്രദേശില്‍ 10 പേര്‍ക്കും മഹാരാഷ്ട്രയില്‍ 11 പേര്‍ക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ ബാധിച്ച 14 വിദേശികള്‍ ഹരിയാനയില്‍ ചികിത്സയിലാണ്.
കര്‍ണാടകയില്‍ നാലുപേര്‍ക്കും ലഡാക്കില്‍ മൂന്നുപേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. തെലങ്കാന, തമിഴ്‌നാട്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യുപിയില്‍ പത്ത് പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ ഒരാള്‍ വിദേശ പൗരനാണ്. രാജസ്ഥാനില്‍ ഒരു ഇന്ത്യാക്കാരനും രണ്ട് വിദേശികള്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നടപടികളും ശക്തമാക്കിയിട്ടുണ്ട്. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഒത്തുചേരുന്നത് ഒഴിവാക്കണമെന്ന് എല്ലാ കായിക ഫെഡറേഷനുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കൂടാതെ വിദേശയാത്ര പരമാവധി ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.
നിലവില്‍ ലോകത്തെ 100 ലേറെ രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്താകെ 4300 പേര്‍ കൊറോണ ബാധയെ തുടര്‍ന്ന് മരണപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.