ഭോപ്പാൽ: മധ്യപ്രദേശ് സർക്കാരിനെ പ്രതിസന്ധിയിലാക്കി യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നതിന് പിന്നാലെ ബിജെപിയിലും ഉടക്ക്. മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് ശിവരാജ് സിങ് ചൗഹാന് പുറമെ മധ്യപ്രദേശിലെ ചില ബിജെപി നേതാക്കൾ രംഗത്തെത്തിയതാണ് പുതിയ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.
സിന്ധ്യ പാർട്ടി വിട്ടതിന് പിന്നാലെ കോൺഗ്രസിൽ നിന്ന് 22 എംഎൽഎമാർ രാജിവെച്ചിരുന്നു. ഇതോടെ ഭൂരിപക്ഷം നഷ്ടമായ കമൽനാഥ് സർക്കാർ വീണാൽ ലഭിച്ചേക്കാവുന്ന മുഖ്യമന്ത്രി സ്ഥാനത്തേക്കാണ് ബിജെപി നേതാക്കളുടെ കണ്ണ്. സംസ്ഥാനത്തെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച ബിജെപി നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനായി യോഗം ചേർന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. യോഗത്തിന് പ്രത്യേകമായ അജണ്ടകളൊന്നുമില്ലെന്നായിരുന്നു മുതിർന്ന ബിജെപി നേതാക്കൾ പ്രതികരിച്ചിരുന്നത്. എന്നാൽ ഗോപാൽ ഭാർഗവയെ മാറ്റി മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ നിയമസഭാ കക്ഷി നേതാവാക്കാനുള്ള ആലോചന പാർട്ടിക്കുള്ളിൽ നടന്നിരുന്നെന്നാണ് സൂചന.
ഈ യോഗത്തിനോടനുബന്ധിച്ച് കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമർ, പ്രഹ്ലാദ് സിങ് പട്ടേൽ, ശിവരാജ് സിങ് ചൗഹാൻ, പാർട്ടി അധ്യക്ഷൻ വിഡി ശർമ്മ തുടങ്ങിയ മുതിർന്ന നേതാക്കൾ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി പരിഗണനയിലുള്ള പേര് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റേതാണ്. എന്നാൽ ചൗഹാനെതിരെ ഒരുവിഭാഗം നേതാക്കളും രംഗത്തുണ്ട്. ചൗഹാന് പകരം മറ്റൊരാളെ പരിഗണിക്കണമെന്നാണ് ചില ബിജെപി നേതാക്കളുടെ പ്രതികരണം. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പ്രചരിക്കുന്ന എല്ലാ വാർത്തകളും തെറ്റാണെന്ന് ബിജെപി ദേശീയ നേതൃത്വം പ്രതികരിച്ചു.