ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ ഡല്‍ഹി ഹൈക്കോടതി അനുമതി നല്കി. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ മാര്‍ച്ച് 11 വരെ സംസ്കരിക്കരുതെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. കലാപത്തില്‍ മരിച്ചവരുടെ ഫോട്ടോകള്‍ പരസ്യമാക്കി രണ്ടാഴ്ച പിന്നിട്ട സാഹചര്യത്തിലാണ് മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ കോടതി അനുമതി നല്‍കിയത്.
വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ 53 ആളുകള്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യേഗിക റിപ്പോര്‍ട്ട്. 654 കേസുകളാണ് കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കലാപവുമായി ബന്ധപ്പെട്ട് ഏഴുപേരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഐബി ഉദ്യോഗസ്ഥന്റെ കൊലപാതകത്തില്‍ പ്രതിയായ താഹിര്‍ ഹുസൈന്റെ സഹോദരന് ഷാ ആലം ഉള്‍പ്പടെ ഉള്ളവരാണ് അറസ്റ്റിലായത്. താഹിര്‍ ഹുസൈനെ കഴിഞ്ഞ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
അതിനിടെ ഡല്‍ഹിയിലുണ്ടായ വര്‍ഗീയ കലാപം ആസൂത്രിതമാണെന്നാണ് കോണ്‍ഗ്രസ് നിയോഗിച്ച വസ്തുതാന്വേഷണ സമിതി പറയുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം നിയോഗിക്കപ്പെട്ട വസ്തുതാന്വേഷണ സമിതിയാണ് ഇക്കാര്യം കണ്ടെത്തിയത്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും വസ്തുതാന്വേഷണ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി.
സംഘപരിവാര്‍ സംഘടനകള്‍ കലാപത്തിന് ആഹ്വാനം ചെയ്തതിന് പിന്നാലെ ഇരുവിഭാഗങ്ങളും ഏറ്റുമുട്ടുകയായിരുന്നു. കലാപം മുന്‍കൂട്ടി അറിയുന്നതില്‍ ഇന്റലിജന്‍സ് ഏജന്‍സികളും കലാപം നിയന്ത്രിക്കുന്നതില്‍ ഡല്‍ഹി പോലീസും പൂര്‍ണമായും പരാജയപ്പെട്ടുവെന്നും കോണ്‍ഗ്രസ് സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍, പര്‍വേഷ് വെര്‍മ്മ തുടങ്ങിയ നേതാക്കളുടെ വിദ്വേഷ പരാമര്‍ശങ്ങളാണ് കലാപത്തിന് ആളുകളെ പ്രേരിപ്പിച്ചതെന്നും ഇവര്‍ക്കെതിരെ കേസെടുക്കണമെന്നും വസ്തുതാന്വേഷണ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്..
എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, മഹിളാകോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ്, കുമാരി ഷെല്‍ജ എംപി എന്നിവരടങ്ങുന്ന അന്വേഷണ സമിതിയാണ് ഡല്‍ഹി കലാപത്തെക്കുറിച്ച് അന്വേഷിച്ചത്. പൗരത്വ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതിഷേധിക്കുന്നവരും തമ്മിലുള്ള സംഘര്‍ഷമാണ് കലാപത്തിലേക്ക് വഴി മാറിയത്.
Discussion about this post