ന്യൂഡല്‍ഹി:ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടന്ന ബഹളത്തെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ഏഴ് കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. കേരളത്തില്‍ നിന്നുള്ള നാല് എംപിമാര്‍ ഉള്‍പ്പടെയുള്ള ഏഴ് പേരുടെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. സ്പീക്കറോട് അനാദരവ് ഇല്ലെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള എംപിമാരായ ടിഎന്‍ പ്രതാപന്‍, ഡീന്‍ കുര്യാക്കോസ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ബെന്നി ബഹനാന്‍ ഇവരെ കൂടാതെ ഗൗരവ് ഗൊഗോയി, മാണിക്ക ടാഗോര്‍, ഗുര്‍ജീത് സിംഗ് ഓജില എന്നിവരെയാണ് മാര്‍ച്ച് അഞ്ചിന് സസ്‌പെന്‍ഡ് ചെയ്തത്. ലോക്‌സഭയില്‍ ബഹളം വച്ചെന്നും മര്യാദയില്ലാതെ പെരുമാറിയെന്നുമാരോപിച്ചായിരുന്നു നടപടി.
ഡല്‍ഹി കലാപത്തെക്കുറിച്ചുള്ള ചര്‍ച്ചക്കിടെ സ്പീക്കറുടെ മേശയില്‍ നിന്ന് പേപ്പറുകള്‍ തട്ടിപ്പറിച്ചെന്നും വലിച്ചുകീറിയെന്നുമായിരുന്നു ഇവര്‍ക്കെതിരായ ആരോപണം. ഇത് സഭാ നിയമങ്ങളുടെ ലംഘനമാണെന്നും ഭരണപക്ഷം ആരോപിച്ചിരുന്നു. സസ്‌പെന്‍ഷനിലായിരുന്ന എംപിമാരുടെ ലോക്‌സഭാ അംഗത്വം തന്നെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിന്നാലെ ബിജെപി രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി സ്പീക്കര്‍ക്ക് കത്തും നല്‍കിയിരുന്നു.
ഡല്‍ഹി കലാപം ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കലാപം ഹോളി കഴിഞ്ഞ് ചര്‍ച്ച ചെയ്യാമെന്നായിരുന്നു സ്പീക്കര്‍ അറിയിച്ചത്. ഇതിനെതിരെ കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധിച്ചു. ഇതേതുടര്‍ന്നാണ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തത്. ഈ സഭാ സമ്മേളനം അവസാനിക്കും വരെയായിരുന്നു സസ്‌പെന്‍ഡ് ചെയ്തത്.