ന്യൂഡൽഹി: ഇന്ത്യ ഉൾപ്പടെയുള്ള ലോകരാജ്യങ്ങൾ കൊറോണ വൈറസിനെ ഭയന്ന് മുൻകരുതലുകൾ സ്വീകരിക്കെ എല്ലാത്തിനേയും പരിഹസിക്കുന്ന രീതിയിലുള്ള നടപടികളുമായി കേന്ദ്ര സർക്കാർ. രാജ്യം തന്നെ ആശങ്കയിൽ കഴിയുമ്പോൾ കേന്ദ്രമന്ത്രി രാംദാസ് അത്തേവാല ഗോ കൊറോണ മന്ത്രങ്ങൾ ഉരുവിട്ടും മുദ്രാവാക്യം വിളിച്ചുമൊക്കെയാണ് കൊറോണയ്ക്ക് എതിരെ ‘നടപടി’ സ്വീകരിച്ചിരിക്കുന്നത്.
മുംബൈ ഗേറ്റ് വേയിൽ വെച്ചാണ് പ്രാർത്ഥനാ യോഗം വിളിച്ച് രാംദാസ് അത്തേവാലയുടെ നേതൃത്വത്തിൽ ‘ഗോ കൊറോണ, കൊറോണ ഗോ’ മന്ത്ം പോലെ ഉരുവിട്ടിരിക്കുന്നത്. ചൈനയിൽ പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന കൊറോണയ്ക്കെതിരെയാണ് കേന്ദ്ര മന്ത്രിയുടേയും സംഘത്തിന്റേയും മുദ്രാവാക്യം വിളി. കേന്ദ്രമന്ത്രിക്ക് ഒപ്പം മുംബൈയിലെ ചൈനീസ് കോൺസൽ ജനറൽ താങ് ഗുവോസായ്യും ഈ പ്രാർത്ഥനയിൽ പങ്കെടുത്തിരുന്നു.
വാക്സിനേഷനോ പ്രത്യേക മരുന്നോ ഇല്ലാത്ത ന്യൂമോണിയ വിഭാഗത്തിലെ രോഗമായ കോവിഡ് 19 ഇന്ത്യയിലും പിടിമുറുക്കുന്നതായാണ് റിപ്പോർട്ട്. ലോകത്താകമാനം 4000 മരണങ്ങളാണ് കൊറോണ കാരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ 55ഓളം പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെങ്കിലും ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്തത് താൽക്കാലികമായി ആശ്വാസം പകരുന്നുണ്ട്.
പക്ഷെ, ഇതിനിടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ജനങ്ങൾക്ക് ആശ്വാസം പകരേണ്ടവർ പ്രഹസനങ്ങൾ കാണിച്ച് ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. കേന്ദ്രമന്ത്രി രാംദാസ് അത്തേവാലയുടെ വീഡിയോ സോഷ്യൽമീഡിയയിൽ വലിയതോതിലുള്ള വിമർശനത്തിന് കാരണമായിരിക്കുകയാണ്.
ഇങ്ങനെ ഗോ കൊറോണ മുദ്രാവാക്യം വിളിച്ചാണോ ബിജെപി സർക്കാരും കേന്ദ്രമന്ത്രിമാരും കൊറോണയെ നേരിടുന്നതെന്നാണ് സോഷ്യൽമീഡിയ ചോദിക്കുന്നത്. കേന്ദ്രത്തിനെതിരെ രോഷവും ട്രോളും നിറയുകയാണ് ട്വിറ്റർ ഉൾപ്പടെയുള്ള സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ.
Discussion about this post