ന്യൂഡൽഹി: യെസ് ബാങ്ക് സ്ഥാപകൻ റാണാ കപൂറിന് രാജീവ് ഗാന്ധിയുടെ കൈവശമുണ്ടായിരുന്ന പെയിന്റിങ് വിറ്റതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യും. എംഎഫ് ഹുസൈൻ വരച്ച് രാജീവ് ഗാന്ധിക്ക് സമ്മാനിച്ച പെയിന്റിങ് രണ്ട് കോടി രൂപയ്ക്കാണ് റാണാ കപൂർ വാങ്ങിയിട്ടുള്ളത്. അതേസമയം, ദിവാൻ ഹൗസിങ് ഫിനാൻസ് ലിമിറ്റഡിന് ക്രമവിരുദ്ധമായി വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റാണയെ ചോദ്യംചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രിയങ്കയെ ചോദ്യംചെയ്യാനൊരുങ്ങുന്നതെന്ന് ഇഡി വൃത്തങ്ങൾ പറഞ്ഞു. റാണാ കപൂറിന്റെ കൈവശമുള്ള കോടികൾ മതിക്കുന്ന ഒട്ടേറെ ചിത്രങ്ങളിൽ ഒന്നാണ് പ്രിയങ്കയുടെ കൈയിൽനിന്ന് വാങ്ങിയ രാജീവ് ഗാന്ധിയുടെ പെയിന്റിങ്ങും.
ഈ പെയിന്റിങ് വാങ്ങാൻ സൗത്ത് മുംബൈ മുൻ എംപി മിലിന്ദ് ദേവ്ര തന്നിൽ സമ്മർദം ചെലുത്തിയെന്ന് റാണ ചോദ്യംചെയ്യലിൽ ഇഡി ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതാണ് അന്വേഷണം പ്രിയങ്കയിലേക്കെത്താൻ കാരണം. റാണയിൽനിന്ന് ലഭിച്ച പണം ഷിംലയിലെ വീടിനുവേണ്ടി പ്രിയങ്ക ചെലവഴിച്ചെന്നാണ് ഇഡി കരുതുന്നത്. മിലിന്ദ് ദേവ്രയെയും ഇഡി ചോദ്യംചെയ്യും. അതേസമയം, എംഎഫ് ഹുസൈൻ വരച്ച രാജീവ് ഗാന്ധിയുടെ പെയിന്റിങ് റാണയ്ക്ക് വിറ്റതിൽ യാതൊരു അപാകതയുമില്ലെന്ന് കോൺഗ്രസ് പ്രതികരിച്ചു. ഇക്കാര്യം ആദായനികുതി റിട്ടേണിൽ പ്രിയങ്ക വ്യക്തമാക്കിയിട്ടുണ്ടെന്നും പാർട്ടി അറിയിച്ചു.
എന്നാൽ അഴിമതി ഒരു കലയാണെങ്കിൽ അതിന്റെ കലാകാരനാണ് കോൺഗ്രസെന്ന് ബിജെപി പാർട്ടി വക്താവ് സംബിത് പത്ര കുറ്റപ്പെടുത്തി. എവിടെ അഴിമതിയുണ്ടോ അവിടെയെല്ലാം കോൺഗ്രസുണ്ടാകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ ശതാബ്ദി ആഘോഷിച്ച 1985-ലാണ് എംഎഫ് ഹുസൈൻ രാജീവ് ഗാന്ധിക്ക് പെയിന്റിങ് സമ്മാനിച്ചത്.
Discussion about this post