ബംഗളൂരു: കര്‍ണാടകയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കര്‍ണാടകയില്‍ വൈറസ് ബാധിതരുടെ എണ്ണം നാലായി. കര്‍ണാടക ആരോഗ്യമന്ത്രി ബി ശ്രീരാമലുവാണ് നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ച കാര്യം അറിയിച്ചത്.
വൈറസ് പടര്‍ന്നു പിടിക്കില്ലെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി ശ്രീരാമുലു ജനങ്ങളോട് അഭ്യര്‍ഥിച്ചു. വൈറസ് ബാധിച്ചവരെയും കുടുംബാംഗങ്ങളെയും നിലവില്‍ നിരീക്ഷിച്ചുവരികയാണ്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ചീഫ് സെക്രട്ടറി ടിഎം വിജയഭാസ്‌കര്‍ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തു. വൈറസ് ബാധ നേരിടുന്നതിനുള്ള നടപടിക്രമങ്ങള്‍ യോഗം ചര്‍ച്ചചെയ്തു.
അതേസമയം കേരളത്തില്‍ പന്ത്രണ്ട് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈമാസം മുഴുവന്‍ അവധി പ്രഖ്യാപിച്ചു. ഏഴാം ക്ലാസുവരെയുള്ള പരീക്ഷകള്‍ ഉപേക്ഷിച്ചു. അവധി ക്ലാസുകളോ ട്യൂഷന്‍ ക്ലാസുകളോ പാടില്ല എന്നും സംസ്ഥാനത്ത് ഉത്സവങ്ങളുടേയും പള്ളിപെരുന്നാളുകള്‍ ഉള്‍പ്പടെയുള്ള ആരാധനാലയങ്ങളിലെ ആഘോഷങ്ങളുടേയും സമയമായതിനാല്‍ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.