മുംബൈ: കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്തു നിന്നുള്ള ആഭ്യന്തര -വിദേശ വിമാന സർവീസുകളിലെ ടിക്കറ്റ് ബുക്കിങുകളിൽ വൻ ഇടിവെന്ന് റിപ്പോർട്ട്. പുതിയ ബുക്കിങുകളുടെ കാര്യത്തിലും സീറ്റ് ഒക്യുപെൻസിയിലും ആഭ്യന്തര സെക്ടറിൽ 15 ശതമാനത്തിന്റെ ഇടിവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ, ക്രൂഡ് ഓയിൽ വിലയിൽ കുറവ് റിപ്പോർട്ട് ചെയ്യുന്നത് എയർലൈൻ കമ്പനികൾക്ക് ഗുണകരമാവുകയാണ്.
അതേസമയം, ഇന്ത്യയിൽ നിന്നുളളവർക്ക് വിദേശ രാജ്യങ്ങൾ വിലക്ക് ഏർപ്പെടുത്തിയതും പടിഞ്ഞാറൻ രാജ്യങ്ങളിൽ പ്രതിസന്ധി വർധിക്കുന്നതും വിമാനക്കമ്പനികളുടെ വരുമാനം കുറയാനിടയാക്കി. മാസങ്ങൾക്ക് മുമ്പേ ടിക്കറ്റ് ബുക്ക് ചെയ്തവരടക്കം ഇപ്പോൾ വിമാനയാത്രകൾ ഒഴിവാക്കുന്നതായാണ് വിവരം.
പ്രധാനമായും പ്രധാന മെട്രോ നഗരങ്ങളായ ഡൽഹി, മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂർ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾക്കാണ് ഈ കുറവുണ്ടായതെന്ന് ഇന്ത്യൻ വിമാനക്കമ്പനികളുടെ എക്‌സിക്യൂട്ടീവുകൾ പറഞ്ഞു. കൊറോണയുടെ ആഘാതത്തിൽ നിന്ന് ഇന്ത്യൻ വിമാനക്കമ്പനികളെ ഒരു പരിധിവരെ അകറ്റിയ ഒരേയൊരു കാര്യം ആഭ്യന്തര യാത്രയായിരുന്നു. എന്നാൽ, ഇപ്പോൾ ഈ മേഖലയെയും ബാധിക്കപ്പെടുന്നു, അത് നിരക്കിൽ നിന്ന് കാണാം എയർലൈൻ രംഗത്തെ ഉദ്യോഗസ്ഥർ പറയുന്നു.