ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തേയും മധ്യപ്രദേശിലെ കോൺഗ്രസിനേയും പ്രതിസന്ധിയിലാക്കി ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചു. ബിജെപിയിലേക്ക് കൂടുമാറി കേന്ദ്രമന്ത്രി ആയേക്കുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും ആഭ്യന്ത്ര മന്ത്രി അമിത് ഷായുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സിന്ധ്യ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് സമർപ്പിച്ചത്. ഇന്നു തന്നെ സിന്ധ്യ ബിജെപിയിൽ ചേർന്നേക്കും. അതേസമയം, രാജി പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് സിന്ധ്യയെ കോൺഗ്രസ് പുറത്താക്കിയതായി കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പ്രസ്താവനയിലൂടെ അറിയിച്ചു.
‘കഴിഞ്ഞ ഒരു വർഷമായി താൻ പാർട്ടി വിടുന്ന കാര്യം ചിന്തിച്ചുക്കൊണ്ടിരിക്കുയായിരുന്നു. എന്റെ ലക്ഷ്യവും ബോധ്യവും മുൻപുള്ളത് പോലെ തന്നെ തുടരും. സംസ്ഥാനത്തേയും രാജ്യത്തേയും ജനങ്ങളെ സേവിക്കും. ഈ പാർട്ടിക്കുള്ളിൽ നിന്ന്ക്കൊണ്ട് ഇനി എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല’ സിന്ധ്യ തന്റെ രാജിക്കത്തിൽ കുറിച്ചു. ഇന്നാണ് രാജി ഔദ്യോഗികമായി അറിയിച്ചതെങ്കിലും ചൊവ്വാഴ്ചത്തെ തീയതിയാണ് രാജിക്കത്തിലുള്ളത്.’- ജ്യോതിരാദിത്യ സിന്ധ്യ രാജിക്കത്തിൽ വിശദീകരിക്കുന്നു.
അതേസമയം, സംസ്ഥാനത്തെ മുതിർന്ന നേതാക്കളെല്ലാം അടിയന്തര സാഹചര്യത്തിൽ ചർച്ചയ്ക്കായി കമൽനാഥിന്റെ വസതിയിലെത്തിയിട്ടുണ്ട്. സോണിയ ഗാന്ധിയുമായി പാർട്ടി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ചർച്ച നടത്തി വരികയാണ്. എംഎൽഎമാരെ മാറ്റിയതു മുതൽ അനുരഞ്ജനത്തിനായി കോൺഗ്രസ് നേതൃത്വം തിരക്കിട്ട ശ്രമങ്ങൾ നടത്തിയെങ്കിലും സിന്ധ്യ ചർച്ചകൾക്ക് തയ്യാറായിരുന്നില്ല. പിസിസി അധ്യക്ഷ സ്ഥാനം നൽകാമെന്ന് കമൽനാഥ് സമ്മതം അറിയിച്ചെങ്കിലും സിന്ധ്യ അതിന് വഴങ്ങിയില്ല. സച്ചിൻ പൈലറ്റടക്കമുള്ള നേതാക്കളും സിന്ധ്യയുമായി ബന്ധപ്പെട്ടിരുന്നു. ഇതും ഫലം കണ്ടില്ല. മൂന്ന് ചാർട്ടേർഡ് വിമാനങ്ങളിലാണ് എംഎൽഎമാരെ ബംഗളൂരുവിലേക്ക് മാറ്റിയതെന്ന് യോഗത്തിനെത്തിയ ദിഗ് വിജയ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.
തന്നെ അനുകൂലിക്കുന്ന 18 എംഎൽഎമാരെ ബിജെപി ഭരിക്കുന്ന കർണാടകയിലെ ബംഗളൂരുവിലേക്ക് മാറ്റിയാണ് സിന്ധ്യ പാർട്ടി വിട്ടത്. ഇതിനിടെ മുഖ്യമന്ത്രി കമൽനാഥ് അടിയന്തര യോഗം വിളിച്ചിരുന്നു. സിന്ധ്യ പാർട്ടി വിടുമെന്ന് ഉറപ്പായതോടെയാണ് കമൽനാഥ് അടിയന്തര യോഗം വിളിച്ചത്.
Discussion about this post