ഭോപ്പാൽ: മധ്യപ്രദേശിലെ കോൺഗ്രസിനകത്തെ അധികാര തർക്കം മറ്റൊരു തലത്തിലേക്ക് എത്തിയിരിക്കുകയാണ്. തന്റെ അനുകൂലികളായ 18 എംഎൽഎമാരെ ബംഗളൂരുവിലേക്ക് കടത്തിയാണ് ജ്യോതിരാദിത്യ സിന്ധ്യ പാർട്ടിയോട് വിലപേശാൻ ആരംഭിച്ചത്. മധ്യപ്രദേശിലെ കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനം സിന്ധ്യ കണ്ണുവെച്ചിരുന്നെങ്കിലും പാർട്ടി ഇത് നിഷേധിച്ചിരുന്നു. ഇതോടെ ഏപ്രിലിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റിനായാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ പോരാട്ടം. എന്നാൽ നേതൃത്വത്തിന് ഇക്കാര്യവും സമ്മതമല്ല, പ്രകോപിതനായ സിന്ധ്യ കാരണം മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ തന്നെ പ്രതിസന്ധിയിലാകുന്ന സ്ഥിതിയിലാണ്.
അതേസമയം, എംഎൽഎമാരെ കടത്തിയ ജ്യോതിരാദിത്യ സിന്ധ്യയുമായി ഇതുവരെ പാർട്ടി നേതൃത്വത്തിന് ബന്ധപ്പെടാനായിട്ടില്ല. അനുരഞ്ജനത്തിനായി പാർട്ടി തലപ്പത്തുനിന്ന് തിരക്കിട്ട ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും സിന്ധ്യ ചർച്ചകൾക്ക് തയ്യാറാകുന്നില്ലെന്നാണ് റിപ്പോർട്ട്.
‘തങ്ങൾ സിന്ധ്യയെ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ അദ്ദേഹത്തിന് പന്നിപ്പനിയാണെന്ന് പറയുന്നു. അതുക്കൊണ്ട് സംസാരിക്കാൻ കഴിയില്ലെന്നാണ് അറിയിച്ചത.്’ പാർട്ടിയിലെ മുതിർന്ന നേതാവ് ദിഗ് വിജയ് സിങ് മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ. മധ്യപ്രദേശിലെ വോട്ടർമാരുടെ ഉത്തരവിനെ അവഹേളിക്കുന്നവർക്ക് ജനങ്ങൾ ഉചിതമായ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ധർമ്മബോധമുള്ള ആളുകൾ പാർട്ടിയിൽ തുടരുമെന്നും ദിഗ് വിജയ് സിങ് വ്യക്തമാക്കി.
രാജ്യസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് വിലപേശി സിന്ധ്യ കുടുംബത്തിലെ ഇളമുറക്കാരൻ രംഗത്തെത്തിയിരിക്കുന്നത്. രണ്ടുതവണ മുഖ്യമന്ത്രിയായ ദിഗ് വിജയ് സിങ്ങിന്റെ രാജ്യസഭയിലെ കാലാവധി ഏപ്രിലിൽ അവസാനിക്കുകയാണ്. ഒഴിവുവരുന്ന ഈ സീറ്റിന് ദിഗ് വിജയ് സിങും ജ്യോതിരാദിത്യ സിന്ധ്യയും അവകാശവാദമുന്നയിക്കുന്നുണ്ട്.
സ്വതന്ത്രർ (നാല്), ബിഎസ്പി (രണ്ട്), എസ്പി (ഒന്ന്) എന്നിവയുടെ പിന്തുണയോടെ രണ്ടു രാജ്യസഭാ സീറ്റുകളിൽ കോൺഗ്രസിന് വിജയിക്കാനാവും. ദിഗ്വിജയ് സിങ്ങിനും സിന്ധ്യയ്ക്കും ഇതു നൽകിയാൽ പിസിസി അധ്യക്ഷനും മുഖ്യമന്ത്രിയുമായ കമൽനാഥിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് സീറ്റു ലഭിക്കാതാവും. അതിനാൽ പ്രിയങ്കാഗാന്ധിയെ മധ്യപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കാൻ കമൽനാഥ് ശ്രമം നടത്തിയിരുന്നു. ഇതിനിടയിലാണ് തന്നെ അനുകൂലിക്കുന്ന എംഎൽഎമാരെ സിന്ധ്യ ബെംഗളൂരുവിലേക്ക് മാറ്റിയിരിക്കുന്നത്.