കൊൽക്കത്ത: തെരുവിലിറങ്ങി പ്രതിഷേധങ്ങളിൽ പങ്കാളികളാകുന്ന സ്ത്രീകളെ അപമാനിച്ച് പശ്ചിമബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്. ഒരു വിഭാഗം സ്ത്രീകൾ ലഹരി ഉപയോഗിച്ചതിന് ശേഷം തെരുവുകളിൽ നടക്കുന്ന പ്രതിഷേധത്തിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയാണെന്നാണ് വനിതാ ദിനത്തിൽ ദിലീപ് ഘോഷ് ആക്ഷേപിച്ചത്. ടാഗോറിന്റെ ഗാനങ്ങളിലെ വരികൾ വളച്ചൊടിച്ച് വീഡിയോകൾ നിർമ്മിക്കുകയും ചെയ്യുന്ന ”അശ്ലീല” പ്രവൃത്തികളിൽ സ്ത്രീകൾ ഏർപ്പെടുന്നത് നിർഭാഗ്യകരമാണെന്നും ഘോഷ് പറഞ്ഞു.
”വീഡിയോയിൽ അന്തസ്സില്ലാത്ത പ്രവൃത്തികൾ ചെയ്യുന്നതിലൂടെ ചില യുവതികൾ ആത്മാഭിമാനം, അന്തസ്സ്, സംസ്കാരം, ധാർമ്മികത എന്നിവയൊക്കെ മറന്നുപോവുകയാണ്. ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല, പക്ഷേ അത് സമൂഹത്തിന്റെ അപചയമാണ്. കുറച്ചു ദിവസങ്ങളായി പ്രതിഷേധം സംഘടിപ്പിക്കുകയും സ്ത്രീകൾ അത്തരം പ്രതിഷേധങ്ങളുടെ മുൻ നിരയിൽ ലഹരി ഉപയോഗിച്ച് ഇരിക്കുകയും ദിവസം മുഴുവൻ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്യുന്നു. സമൂഹം എവിടേക്കാണ് പോകുന്നതെന്ന് നാം ആത്മപരിശോധന നടത്തണം,” ദീലീപ് ഘോഷ് പറഞ്ഞു.
ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്ന സ്ത്രീകൾ തെരുവുകളിൽ ആക്രമണത്തിന് ഇരയാകുമെന്നും ഘോഷ് പറഞ്ഞു. ദിലീപ് ഘോഷിന്റെ പ്രസ്താവനയ്ക്കെതിരെ വൻപ്രതിഷേധം ഉയർന്നിട്ടുണ്ട്.
Discussion about this post