ഹൈദരാബാദ്: ‘ഒരു പക്ഷേ പശ്ചാത്താപം തോന്നിയിരിക്കാം, അതാകാം ജീവനൊടുക്കിയത്’ തെലങ്കാനയിലെ പ്രണയ്കുമാര്‍ വധക്കേസിലെ മുഖ്യപ്രതി മാരുതി റാവു മരിച്ച സംഭവത്തില്‍ പ്രണയ്കുമാറിന്റെ ഭാര്യ അമൃതവര്‍ഷിണിയുടെ വാക്കുകളാണ് ഇത്.
തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിലെ പശ്ചാത്താപം കൊണ്ടാകാം അച്ഛന് ജീവനൊടുക്കിയതെന്നും പ്രണയിന്റെ മരണശേഷം അദ്ദേഹവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്നും അമൃത പറയുന്നു. അച്ഛന്റെ മരണവിവരം മാധ്യമങ്ങളിലൂടെയാണ് താനറിഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രാദേശിക മാധ്യമത്തോടായിരുന്നു അമൃതയുടെ പ്രതികരണം.
അമൃതവര്‍ഷിണിയുടെ വാക്കുകള്‍;
അന്നത്തെ സംഭവത്തിനുശേഷം അച്ഛനുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. ആരും അദ്ദേഹത്തിന്റെ മരണവിവരം അറിയിച്ചതുമില്ല. പ്രണയിന്റെ മരണത്തില്‍ ഒരുപക്ഷേ അദ്ദേഹത്തിന് പശ്ചാത്താപം തോന്നിയിട്ടുണ്ടാകാം. അതാകാം ജീവനൊടുക്കാന്‍ കാരണം. മരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയില്ല
ഞായറാഴ്ച രാവിലെയാണ് ഹൈദരാബാദിലെ ആര്യവൈസ ഭവനില്‍ മാരുതി റാവുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം. മകള്‍ അമൃതവര്‍ഷിണിയുടെ ഭര്‍ത്താവ് പ്രണയ്കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്ന മാരുതി റാവു അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.
2018 സെപ്റ്റംബറിലായിരുന്നു മാരുതി റാവു നിയോഗിച്ച ക്വട്ടേഷന്‍ സംഘം പ്രണയിനെ കൊലപ്പെടുത്തിയത്. ഗര്‍ഭിണിയായിരുന്ന അമൃതവര്‍ഷിണിക്കും മാതാവിനുമൊപ്പം ഡോക്ടറെ കണ്ട് മടങ്ങുമ്പോള്‍ മിരിയാല്‍ഗുഡയിലെ ആശുപത്രിക്ക് മുന്നില്‍ ഇരുവരുടെയും കണ്ണിന് മുന്നില്‍വെച്ച് പ്രണയിനെ അതിക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു.
Discussion about this post