ബോക്കാറോ: പട്ടിണി കിടന്ന് അവശനായി 42കാരന് ദാരുണാന്ത്യം. ഝാര്‍ഖണ്ഡില്‍ ബോക്കാറോയിലാണ് സംഭവം. ഭുഖല്‍ ഘാസിയെന്ന ആളാണ് മരിച്ചത്. എന്നാല്‍ പട്ടിണി മൂലമല്ല, നീണ്ടക്കാലത്തെ രോഗബാധയെ തുടര്‍ന്നാണ് ഭുഖല്‍ ഘാസി മരിച്ചതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അവകാശവാദം. ഹേമന്ത് സോറന്‍ സര്‍ക്കാര്‍ സംഭവം ഗൗരവമായാണ് കണ്ടിരിക്കുന്നത്.
ബംഗളൂരുവില്‍ ജോലി ചെയ്തിരുന്ന ഭുഖല്‍ ഘാസിയ്ക്ക് റേഷന്‍കാര്‍ഡോ, ആയുഷ്മാന്‍ കാര്‍ഡോ ഒന്നും ഇല്ല. കഴിഞ്ഞ കുറെ ദിവസങ്ങളായി കഴിക്കാന്‍ ഭക്ഷണം ഉണ്ടായിരുന്നില്ലെന്ന് ഭാര്യ രേഖാ ദേവി പറയുന്നു. പട്ടിണി മൂലമാണ് ഭുഖല്‍ ഘാസി മരിച്ചതെന്ന് ബന്ധുക്കള്‍ ഒന്നടങ്കം പറഞ്ഞു. എന്നാല്‍ ഇക്കാര്യം ജില്ലാ ഭരണകൂടം നിഷേധിച്ചു.
നീണ്ടക്കാലത്തെ രോഗബാധയെ തുടര്‍ന്നാണ് യുവാവ് മരിച്ചതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വാദം. രക്തക്കുറവ് മൂലം ബുദ്ധിമുട്ട് നേരിട്ടിരുന്ന ഭുഖല്‍ ഘാസി ഡോക്ടറുടെ നിരീക്ഷണത്തിലായിരുന്നുവെന്ന് ബോക്കാറോ ജില്ലാ കമ്മീഷണര്‍ മുകേഷ് കുമാര്‍ പറയുന്നു.
അസുഖബാധിതനായതിനെ തുടര്‍ന്ന് ആറുമാസം മുന്‍പാണ് ഭുഖല്‍ ഘാസി നാട്ടില്‍ തിരിച്ചെത്തിയത്. നീണ്ടക്കാലത്തെ രോഗബാധയെ തുടര്‍ന്നാണ് യുവാവ് മരിച്ചതെന്നും മുകേഷ് കുമാര്‍ പറയുന്നു.കുടുംബം മുഴുവന്‍ രക്തക്കുറവ് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭുഖല്‍ ഘാസിയുടെ ഭാര്യ മോശം അവസ്ഥയിലാണെന്നും ഇവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ചികിത്സ ലഭ്യമാക്കുമെന്നും മുകേഷ് കുമാര്‍ പറഞ്ഞു. ഇവര്‍ക്ക് അടിയന്തരമായി ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസറോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.